പെരുമ്പാവൂർ: 110 വർഷത്തെ ചരിത്രമുറങ്ങുന്ന പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ചരിത്രം കണ്ടെത്തുന്നതിനായി പെരുമ്പാവൂർ ടി.ബി.യിൽ സ്ഥാപിച്ചിട്ടുള്ള ‘അഞ്ചൽപ്പെട്ടി’ക്ക്‌ മുന്നിൽ ചരിത്രപഠന ഒത്തുചേരൽ നടന്നു.

1938-ൽ ആറാം വയസ്സിൽ ഗേൾസ് ഹൈസ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശിച്ച, സ്കൂളിലെ പൂർവ വിദ്യാർഥിനിയായ 88 കാരി തുളസീഭായ്, സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുൻപുള്ള തിരുവിതാംകൂർ കാലഘട്ടത്തിലെ വിശേഷങ്ങൾ പങ്കുവച്ചത് സ്കൂളിന്റെ ചരിത്രത്തെക്കുറിച്ചുള്ള പുതിയ അറിവു പകർന്നു.

തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാളിന്റ കാലത്ത് 1910-ൽ ‘നാട്ടുഭാഷാ വിദ്യാഭ്യാസ സ്ഥാപനം’ എന്ന നിലയിൽ പെരുമ്പാവൂർ നഗരത്തിൽ തുടക്കം കുറിച്ച ഗേൾസ് സ്കൂളിന്റെ പേര് തുടക്കത്തിൽ ‘അഞ്ചൽപ്പുര പള്ളിക്കൂടം’ എന്നായിരുന്നു.

ഇന്ന്‌ കോടതി സ്ഥിതിചെയ്യുന്ന കച്ചേരിക്കുന്നിന്റെ കിഴക്കുഭാഗത്തായി അന്ന്‌ പ്രവർത്തിച്ചിരുന്ന രാജഭരണകാലത്തെ തപാൽ സംവിധാനമായ ‘അഞ്ചലാപ്പീസി’ലാണ് നാട്ടുഭാഷാ പാഠശാലയ്ക്ക് തുടക്കംകുറിച്ചത്. ജനങ്ങൾ ഈ സ്കൂളിനെ ‘അഞ്ചൽപ്പുര പള്ളിക്കൂടം’ എന്ന് വിളിച്ചുവന്നു.

പെരുമ്പാവൂർ ഗേൾസ് സ്കൂളിന് ആരംഭം കുറിച്ച ഇവിടെ ഇന്ന് ടെലിഫോൺ ഓഫീസാണ് പ്രവർത്തിക്കുന്നത്.

പിന്നീട് സ്ഥലപരിമിതി മൂലം അഞ്ചലാപ്പീസിൽ നിന്ന്‌ ഈ പള്ളിക്കൂടം കോടതിക്ക് പടിഞ്ഞാറുവശമുള്ള സത്രപ്പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അക്കാലം മുതൽ ഈ പള്ളിക്കൂടം ‘സത്രപ്പറമ്പ് സ്കൂൾ’ എന്ന്‌ അറിയപ്പെട്ടു.

1949-ൽ തിരുവിതാംകൂറും കൊച്ചിയും കൂടി ചേർന്ന് ‘തിരു-കൊച്ചി സംസ്ഥാനം’ രുപപ്പെട്ടപ്പോൾ പെരുമ്പാവൂരിനെ പ്രധിനിധീകരിച്ചിരുന്ന മജീദ് മരക്കാർ ആണ് ഈ വിദ്യാലയത്തെ സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ഹൈസ്കൂൾ ആയി ഉയർത്തിയത്. 2004-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു.

തിരുവിതാംകൂർ കാലഘട്ടത്തിൽ യാത്രികർക്ക് താമസിക്കാൻ ഉണ്ടായിരുന്ന സത്രപ്പറമ്പിലാണ് ഇന്ന് ഗേൾസ് ഹൈസ്കൂളും സുഭാഷ് പാർക്കും ടി.ബി.യും പ്രവർത്തിക്കുന്നത്. ടി.ബി.യിലാണ് ഇപ്പോൾ ‘അഞ്ചൽപ്പെട്ടി’ ഉള്ളത്. തിരുവിതാംകൂർ രാജ്യഭരണകാലത്തെ തപാൽ സംവിധാനമാണ് ‘അഞ്ചൽ’ എന്നറിയപ്പെട്ടിരുന്നത്.

സ്കൂളിന്റെ കഴിഞ്ഞകാല ചരിത്രം കണ്ടെത്തുന്നതിനു വേണ്ടിയാണ് പ്രാദേശിക ചരിത്രഗവേഷകനായ ഇസ്മായിൽ പള്ളിപ്രത്തിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ സ്കൂൾ അധികാരികൾ അഞ്ചൽപ്പെട്ടിക്ക്‌ മുന്നിൽ ഒത്തുചേരൽ നടത്തിയത്.

പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ സതി ജയകൃഷ്ണൻ, നിഷ വിജയൻ, സലീം ഫാറൂക്കി, സി.കെ. അസീം, എം.കെ. പൗലോസ്, പ്രീത ആർ., വി.പി. നൗഷാദ്, സിന്ധു സാബു, സുബീന മുജീബ് എന്നിവർ സംസാരിച്ചു.

സ്കൂളിലെ പൂർവ വിദ്യാർഥികൾ ശനിയാഴ്ച രാവിലെ 10 മുതൽ സ്കൂളിൽ ഒത്തുചേരും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., നഗരസഭാ അധ്യക്ഷ സതി ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.