അരൂർ : പ്രളയകാലത്തിന് മുന്നൊരുക്കമായി ആളുകൾ ചെറുവള്ളങ്ങൾ വാങ്ങിക്കൂട്ടുന്നു. 2018 ആവർത്തിക്കുമെന്ന വിചാരത്തിൽ കഴിഞ്ഞ വർഷം ആയിരത്തോളം ഫൈബർഗ്ലാസ് വള്ളങ്ങളാണ് അരൂർ വ്യവസായ എസ്റ്റേറ്റിലെ സമുദ്ര ഷിപ്പ്‌യാർഡിൽനിന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയത്. ഇക്കുറി മൂവാറ്റുപുഴ രാമമംഗലം ഭാഗത്തേക്കുമാത്രം അൻപതോളം ചെറുവള്ളങ്ങൾ കൊണ്ടുപോയി കഴിഞ്ഞു.

സിനിമ-സീരിയൽ താരങ്ങളും ഇക്കൂട്ടത്തിൽ പെടും. നടനും സംവിധായകനുമായ സിദ്ദിഖ് കഴിഞ്ഞ തവണ വള്ളം സ്വന്തമാക്കി. ഇത്തവണ ‘സ്ഫടികം’ സിനിമയുടെ സംവിധായകനായ ഭദ്രൻ അടക്കം നിരവധി പേർ ആവശ്യക്കാരായെത്തി. പാലായിൽ മീനച്ചിലാറിന്റെ തീരത്ത് താമസിക്കുന്ന ഭദ്രൻ മഴക്കാലത്തിന്റെ കരുതലിനാണ് വള്ളം സ്വന്തമാക്കിയതെന്ന് സമുദ്ര എക്‌സിക്യുട്ടീവ് ഡയറക്ടർ അരുൺ സുധാകരൻ പറയുന്നു.

4.57 മീറ്റർ നീളവും 0.75 മീറ്റർ വീതിയുമുള്ള ചെറുവള്ളത്തിനാണ് ആവശ്യക്കാർ ഏറെയുള്ളത്. 52 കിലോ മാത്രം തൂക്കമുള്ള ഇത് കൈകാര്യം ചെയ്യാൻ എളുപ്പമാണ്. മൂന്നുപേർക്ക് ഇതിൽ യാത്ര ചെയ്യാം.

Content Highlights: Peoples buy small boats ahead of the flood