കരുമാല്ലൂർ: കിഴക്കേ വെളിയത്തുനാട് കടൂപ്പാടത്ത് മണ്ണടിക്കൽ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റും വാർഡ്‌മെമ്പറും സ്ഥലത്തെത്തിയത്. എന്നാൽ, സമീപത്തുള്ള തൊഴിലാളി ക്യാമ്പിലെ വൃത്തിഹീനമായ അവസ്ഥ കണ്ട് ജനപ്രതിനിധികൾ ഞെട്ടി. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച് സ്ഥാപനത്തിന് നോട്ടീസ് നൽകിച്ചു.

കരുമാല്ലൂർ പഞ്ചായത്ത് 11, 14 വാർഡുകളിലായി വരുന്ന കടൂപ്പാടത്തിനോടു ചേർന്ന് ഒരു പാർപ്പിട സമുച്ചയത്തിന്റെ നിർമാണം നടക്കുന്നുണ്ട്. അവർ പാടം നികത്താനായി മണ്ണ് കൊണ്ടുവന്നിടുകയാണെന്ന പരാതി അന്വേഷിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു, വാർഡ്‌ മെമ്പർ ഷംസുദ്ദീൻ എന്നിവർ സ്ഥലത്തെത്തിയത്.

ഈ പാടത്തേക്ക് ഇറങ്ങിപ്പോകുന്നതിനുള്ള വഴിയിലാണ് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പണിക്കായി എത്തിയിട്ടുള്ള ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലം. അവിടേക്ക് ചെന്നപ്പോൾത്തന്നെ കക്കൂസ്‌മാലിന്യം ഒഴുകുന്ന ദുർഗന്ധമായിരുന്നു. പരിശോധിച്ചപ്പോഴാണ് ഈ മാലിന്യം കിണറ്റിലേക്കും ഒലിച്ചിറങ്ങുന്നതായി കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചു.

കരുമാല്ലൂർ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്തെത്തി അവസ്ഥ ബോധ്യപ്പെട്ടതോടെ ക്യാമ്പിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവിടെ പാടത്തേക്ക് മണ്ണടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതിന് ശനിയാഴ്ച സ്റ്റോപ്പ്‌മെമ്മോ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.