പെരുമ്പാവൂർ: ഇലകളുടെ ഹരിതകം കാർന്നുതിന്നുന്ന പട്ടാളപ്പുഴുവിന്റെ സാന്നിദ്ധ്യം ഒക്കൽ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ രൂക്ഷമായി. പെരുമറ്റം, വല്ലം, ചേലാമറ്റം ഈസ്റ്റ്, ഒക്കൽ, കൂടാലപ്പാട് പ്രദേശങ്ങളിലാണ് പുഴു ആക്രമണം വിതയ്ക്കുന്നത്. പയർ, കപ്പ, വാഴ കൃഷികൾക്കാണ് കൂടുതൽ നാശം.

പെരുമ്പാവൂർ മേഖലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയിറക്കിയ ചേലാമറ്റം പാടശേഖര സമിതി ഇത്തവണ കണ്ണീരും കൈയുമായാണ് വിളവെടുത്തത്. പ്രളയത്തെത്തുടർന്ന് ആറു ദിവസം വയൽ മുങ്ങിക്കിടക്കുകയായിരുന്നു. വെള്ളം ഇറങ്ങിപ്പോയതോടെ പുഴുവിന്റെ ആക്രമണം തുടങ്ങി. കഴിഞ്ഞ കൊല്ലം രണ്ടര ടൺ നെല്ല് വിറ്റഴിച്ച സമിതി സെക്രട്ടറി വിൽസണ് ഇക്കുറി ലഭിച്ചത് 7,501 കിലോ നെല്ല് മാത്രം. മെഷീൻ ഉപയോഗിച്ച് കൊയ്ത്ത് നടത്താൻ മണിക്കൂറിന് 2,350 രൂപയാണ് ചെലവ്. കൂലിച്ചെലവു പോലും ആർക്കും ലഭിച്ചില്ലെന്ന് വിൽസൺ പറയുന്നു. വൈയ്‌ക്കോലും ചീഞ്ഞ് ഉപയോഗശൂന്യമായി. ഇൻഷുറൻസ് തുക പോലും ഇതുവരെ സമിതിക്ക് ലഭിച്ചില്ല.

പരമ്പരാഗത കർഷകനായ ചേലാമറ്റം തേയ്ക്കാനം ടോമിക്കും പുഴുവിന്റെ ആക്രമണത്തിൽ വൻനഷ്ടം ഉണ്ടായി. ഒരു പറ വിതച്ച ടോമിക്ക് രണ്ട് പറനെല്ലു പോലും കിട്ടിയില്ല. 45 സെന്റ് സ്ഥലത്ത് പയർ കൃഷി ചെയ്തു. ഒന്നും കിട്ടിയില്ല. എല്ലാം പുഴയും പുഴുവും കൊണ്ടുപോയി. മഞ്ഞൾ കൃഷി പോലും പട്ടാളപ്പുഴുവിന്റെ ആക്രമണത്തിനിരയായെന്ന് ടോമി ചൂണ്ടിക്കാട്ടി. രാത്രിയിലാണ് പുഴു പുറത്തുവന്ന് ഇല കരളുന്നത്. പകൽ ഇവയെ കാണാത്തതിനാൽ പക്ഷികൾക്ക് ഇവയെ ഭക്ഷിച്ച് കർഷകരെ സഹായിക്കാനാകില്ല. പല മരുന്നുകളും പരീക്ഷിച്ചിട്ടും പുഴുവിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് കർഷകർ ആശങ്കപ്പെടുന്നു.

ഗോതമ്പ് തവിട് (22.5 കിലോ), വെള്ളം (22.5 ലിറ്റർ), ശർക്കര (5.5 കിലോ), ചോളപ്പൊടി (100 ഗ്രാം) എന്നിവ കുഴച്ച് 48 മണിക്കൂർ കഴിഞ്ഞശേഷം കൃഷിയിടത്തിൽ വിതറുന്നത് പട്ടാളപ്പുഴുവിനെ നിയന്ത്രിക്കാൻ നല്ല മാർഗമാണെന്ന് കൃഷി വകുപ്പ് പറയുന്നു.