പറവൂർ: പറവൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ പുത്തൻവേലിക്കര വി.സി.എസ്. ഹയർ സെക്കൻഡറി സ്കൂളിലാണ് കലാമേള. കലവറ നിറയ്ക്കൽ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു നിർവഹിച്ചു. കർഷകയായ അംബിക ശശിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് 17-ാം വാർഡിലെ കുടുംബശ്രീ, മഹിളാസമാജം പ്രവർത്തകർ സമാഹരിച്ച പച്ചക്കറി, പലവ്യഞ്ജനം എന്നിവ കൈമാറി.

പഞ്ചായത്തംഗങ്ങളായ പി.കെ. ഉല്ലാസ്, പ്രസീന വിവേകാനന്ദൻ, ടി.എൻ. രാധാകൃഷ്ണൻ, വി.എസ്. അനിക്കുട്ടൻ, ലീന അജി, സ്കൂൾ മാനേജർ എം.വി. വാരിജാക്ഷൻ, പ്രിൻസിപ്പൽ ജയ്‌ മാത്യു, പ്രധാനധ്യാപിക എൻ. സുജ, പി.ടി.എ. പ്രസിഡന്റ് പി.എൻ. അനൂപ്കുമാർ എന്നിവർ സംബന്ധിച്ചു.

വേദിക്കടുത്ത് കഞ്ഞിവെള്ള കൗണ്ടറും

പറവൂർ: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി ദാഹിക്കുന്നവർക്ക് പോഷകസമൃദ്ധമായ കഞ്ഞിവെള്ളം വിതരണം ചെയ്യാൻ പ്രത്യേക കൗണ്ടർ ഇവിടെ തുടങ്ങും. പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള കലോത്സവമാണ് അരങ്ങേറുക. ഇതിനായി 50 വിദ്യാർഥികളുടെ ‘ഹരിതസേന’ രൂപവത്കരിച്ചു. ഹരിതകേരള മിഷനും ആരോഗ്യവകുപ്പും ഇവരെ പരിശീലിപ്പിച്ച് സജ്ജരാക്കിയിട്ടുണ്ട്. സ്കൂളുകൾക്ക് തുണിസഞ്ചിയിലാണ് ‘ഗ്രീൻപ്രോട്ടോക്കൾ’ നടപ്പാക്കേണ്ടതിന്റെ ഫയലുകളും കടലാസ് പേനയും നൽകുക.

യുവജനോത്സവത്തിന്റെ പ്രചാരണം മുഴുവൻ തുണിയിലും മെടഞ്ഞ ഓല ഉൾപ്പെടെയുള്ള പ്രകൃതിദത്ത വസ്തുക്കളാലുമാണ്. ഭക്ഷണശാലയിലും ഇത് പാലിക്കും. ബാക്കിവരുന്ന ഭക്ഷണാവിശിഷ്ടങ്ങൾ ജൈവവളം ആക്കാനുള്ള പദ്ധതിയുമുണ്ട്.

സ്റ്റീൽ പാത്രങ്ങളിലാണ് വിളമ്പുക. ദിവസവും 1,500 പേർക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വിൽപ്പന സാമഗ്രികൾ നൽകരുതെന്ന്‌ നിർദേശം നൽകിയിട്ടുണ്ട്‌.