പറവൂർ: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് നൽകിയിരുന്ന സമാശ്വാസ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ‘ലിവർ ഫൗണ്ടേഷൻ ഓഫ് കേരള’യുടെ നേതൃത്വത്തിൽ പറവൂരിൽ നടന്ന കുടുംബസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയിരുന്ന പെൻഷൻ ഇപ്പോൾ നിലച്ചിരിക്കുകയാണ്. കാരുണ്യ പദ്ധതിയിൽ മരുന്നും ചികിത്സയും നൽകിയിരുന്നു. അതും ഇപ്പോഴില്ല. സർക്കാരിന്റെ ഭവനനിർമാണ പദ്ധതിയിൽ കരൾമാറ്റത്തിന് വിധേയരായവരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിൽ 2500-ലേറെപ്പേർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്നാണ് ഇപ്പോഴുള്ള കണക്ക്.

പറവൂർ വൈറ്റ് സിറ്റി ഹോട്ടൽ ഹാളിൽ നടന്ന സംഗമത്തിൽ കരൾ മാറ്റിവയ്ക്കപ്പെട്ടവരും കരൾ പകുത്തുനൽകിയവരും പങ്കെടുത്തു. വി.ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ഓഫ് കേരള ചെയർമാൻ മനോജ് പാലാ അധ്യക്ഷനായി. ഡോ. ദിനേശ് ബാലകൃഷ്ണൻ, ഡോ. ഹരികുമാർ ആർ. നായർ എന്നിവർ മുഖ്യാതിഥികളായി. ഫൗണ്ടേഷൻ ഓഫ് കേരള സെക്രട്ടറി അരവിന്ദൻ നെല്ലുവായ്, ട്രഷറർ മനോജ് നന്ദഗോപാൽ, ഹംസ മൗലവി, മോഹനചന്ദ്രൻ, എ. എസ്. നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു. ‘കരൾ മാറ്റത്തിന് ശേഷമുള്ള ജീവിതം’ എന്ന വിഷയത്തിൽ ഡോ. ഹരികുമാർ ആർ. നായർ ക്ലാസെടുത്തു.