പനങ്ങാട് : കണ്ടെയ്‌ൻമെൻറ് സോണിൽ ഉൾപ്പെട്ട കെ.എസ്.ഇ.ബി. ഓഫീസ് തുറക്കണമെന്ന എക്സിക്യുട്ടീവ് എൻജിനീയറുടെ ഉത്തരവ് ജീവനക്കാരെ ഭീതിയിലാക്കി. കുമ്പളം പഞ്ചായത്തിലെ രണ്ടാം വാർഡ് ഉദയത്തുംവാതിൽ പ്രദേശം കണ്ടെയ്‌ൻമെൻറ് സോണായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പനങ്ങാട് വൈദ്യുതി സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്ന മാടവന തേനാളിൽ ഭാഗം കണ്ടെയ്‌ൻമെൻറ് സോണിൽ ഉൾപ്പെടും. ഇവിടത്തെ സെക്ഷൻ ഓഫീസിലെ കാഷ് കൗണ്ടർ തുറക്കണമെന്ന് തൃപ്പൂണിത്തുറ എക്സിക്യുട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടു.

രോഗവ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, മേലധികാരികളുടെ ഇത്തരം ഉത്തരവുകൾക്കു മുന്നിൽ പകച്ചുനിൽക്കുകയാണ് ഒരുവിഭാഗം സർക്കാർ ജീവനക്കാർ. രോഗവ്യാപനത്തിന് തടയിടുന്നതിനായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ ലംഘിക്കണമെന്ന് സർക്കാർതന്നെ ആവശ്യപ്പെടുന്ന അവസ്ഥയാണ് നിലവിൽ. എന്നാൽ, അവശ്യ സർവീസുകളുടെ പ്രവർത്തനം തടസ്സപ്പെടരുതെന്ന സർക്കാർ നിർദേശം പാലിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് കെ.എസ്.ഇ.ബി. തൃപ്പൂണിത്തുറ എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.

പനങ്ങാട് കെ.എസ്.ഇ.ബി. ഓഫീസ് പ്രവർത്തിക്കുന്നത് കണ്ടെയ്ൻമെന്റ് സോണിലാണെങ്കിലും ഓഫീസിലേക്കുള്ള റോഡ് അടച്ചിരുന്നില്ല. ഇതുപ്രകാരം ഓഫീസിലേക്കെത്തിയ പൊതുജനങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സേവനമാണ് നൽകിയത്. കണ്ടെയ്ൻമെന്റ് സോണിലാണെങ്കിൽപ്പോലും ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തി അവശ്യ സർവീസ് മേഖലയിലെ പ്രവർത്തനം തടസ്സപ്പെടാത്ത വിധം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് സർക്കാർ നിർദേശമെന്നും അധികൃതർ പറഞ്ഞു.