കൊച്ചി: എൻ.സി.പി. മലപ്പുറം ജില്ലാപ്രസിഡന്റിനെ നീക്കിയതിന് പിന്നാലെ പാലക്കാട്ടെ പ്രസിഡന്റിനെയും മാറ്റി. മലപ്പുറത്ത് ടി.എൻ. ശിവശങ്കരനെ രാജിവെപ്പിച്ച അതേ ശൈലിയിൽത്തന്നെ പാലക്കാട് ജില്ലാ പ്രസിഡന്റ് ഓട്ടൂർ ഉണ്ണിക്കൃഷ്ണനെയും നീക്കുകയായിരുന്നു. കോൺഗ്രസിൽനിന്ന് എത്തിയ എ. രാമസ്വാമിയെ പ്രസിഡന്റായി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നിയമിച്ചു.

എൻ.സി.പി.യിലെ ആദ്യകാല നേതാക്കളുടെ നേതൃത്വത്തിൽ ചാക്കോയ്ക്ക് എതിരേയുള്ള നീക്കങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ് നടപടി. മലപ്പുറം ജില്ലാ പ്രസിഡന്റിനെ സമ്മർദത്തിലൂടെ ഒഴിവാക്കിയ നടപടിക്കെതിരേ പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധമുണ്ട്. വർഗീയത അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഒഴിവാക്കിയത്. രാജി അംഗീകരിക്കരുതെന്ന ആവശ്യം മലപ്പുറത്തെ മുതിർന്ന നേതാക്കൾ നേതൃത്വത്തോട് ഉന്നയിച്ചിരുന്നെങ്കിലും പുതിയ ആളെ ഉടനെ നിയമിക്കുകയായിരുന്നു.

രാമസ്വാമി പാർട്ടിയിലേക്ക് വന്നതോടെ പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ മേലും രാജിവെക്കാൻ സമ്മർദമുണ്ടായി. മാറ്റപ്പെട്ടവർ രണ്ടുപേരും ശശീന്ദ്രൻ വിഭാഗക്കാരാണ്. ഈ വിഭാഗത്തിന് വലിയ പ്രതിഷേധമുണ്ടെങ്കിലും പ്രകടിപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

സംസ്ഥാന മുൻ പ്രസിഡന്റ് പീതാബരൻ മാസ്റ്റർക്ക് ഒപ്പമുണ്ടായിരുന്നവരും പ്രതിഷേധത്തിലാണ്. പഴയ ജനറൽ സെക്രട്ടറിമാരിൽ ഒരാൾ സംഘടനാചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽപട്ടേലിനെകണ്ട് കേരളത്തിലെ പാർട്ടി പൊട്ടിത്തെറിയുടെ വക്കിലാണെന്ന് അറിയിച്ചിട്ടുണ്ട്. കോൺഗ്രസിനെ പ്രകോപിപ്പിച്ച് ചാക്കോ നടത്തുന്ന നീക്കങ്ങൾ പാർട്ടിക്ക് ദേശീയതലത്തിൽ തിരിച്ചടിയാവുമെന്നകാര്യവും സൂചിപ്പിച്ചു.

Content Highlights: Palakkad NCP president removed, workers against PC Chacko