കൊച്ചി: ‘എന്റെ വോട്ട് പി. രാജീവിനാണ്’ -മലയാളത്തിന്റെ പ്രിയ കഥാകാരനും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ എൻ.എസ്. മാധവന്റേത് മറകളില്ലാത്ത ഉറച്ച പ്രഖ്യാപനമായിരുന്നു. ‘രാജീവ് വീണ്ടും സഭയിലെത്തണമെന്ന് ഞാൻ പറയുന്നതിന് മുൻപ് അരുൺ ജെയ്റ്റ്‌ലി പറഞ്ഞിട്ടുണ്ട്’ -മാധവൻ ചൂണ്ടിക്കാട്ടി.

എറണാകുളത്തെ മെട്രോ ഉൾപ്പെടെയുള്ള പല വികസന പ്രവർത്തനങ്ങൾക്ക് പിന്നിലും അദ്ദേഹത്തിന്റെ നിശ്ശബ്ദമായ ഇടപെടലുകളുണ്ട്. എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ ആരോഗ്യ-സാമൂഹിക-സാംസ്കാരിക രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണെന്നും എൻ.എസ്. മാധവൻ കൂട്ടിച്ചേർത്തു.

എൻ.എസ്. മാധവൻ താമസിക്കുന്ന പനമ്പിള്ളി നഗർ പാസ്പോർട്ട് ഓഫീസിനടുത്തുള്ള ഡി.ഡി. ഭവൻ ഫ്ളാറ്റിൽ രാജീവിന്റെ സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ചത്തെ മണ്ഡലപര്യടനം വല്ലാർപാടത്ത് ആരംഭിച്ചു. വൈപ്പിൻ, പറവൂർ എന്നീ നിയോജക മണ്ഡലങ്ങളിലൂടെയാണ് പര്യടനം കടന്നുപോയത്. പുതുവൈപ്പിൽ ശ്രീ ഷൺമുഖാനന്ദ പുലയ സമാജം ഓഫീസിന് മുന്നിലെ അയ്യൻ കാളിയുടെ പ്രതിമയിൽ പൂക്കളർപ്പിച്ചു. മുതിർന്ന സി.പി.ഐ. നേതാവുമായ കെ.സി. പ്രഭാകരന്റെ ഭൗതിക ശരീരത്തിൽ പി. രാജീവ് അന്ത്യാഞ്ജലി അർപ്പിച്ചു. അന്തരിച്ച പുല്ലാങ്കുഴൽ വിദഗ്ധൻ സച്ചിൻ കൈതാരത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അച്ഛനും പ്രശസ്ത അഷ്ടപദി ഗായകനുമായ സി. കുമാരനെ കണ്ടു.