ആലുവ: പുതുതായി നിര്‍മ്മിച്ച ആലുവ പോലീസ് സ്റ്റേഷന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും മറ്റു പ്രമുഖ വ്യക്തികളും ഉദ്ഘാടനത്തില്‍ പങ്കെടുക്കും. 2.52 കോടി രൂപ ചെലവിട്ടാണ് 9850 ചതുരശ്രയടിയില്‍ ആധുനികരീതിയിലുള്ള പുതിയ മൂന്നുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 

2019 ഏപ്രിലിലാണ് സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിച്ചത്. ജയില്‍ മുറികള്‍ ഉള്‍പ്പെടെ സ്റ്റേഷനും പരിസരവും പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തില്‍ ആയിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്സ്സിനും പ്രത്യേകം സെല്ലുകള്‍ ആലുവ പോലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷനില്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവിധാനങ്ങളോടുകൂടിയ വിശ്രമമുറിയും തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.

താഴത്തെ നിലയില്‍ സ്റ്റേഷനില്‍ എത്തുന്ന വര്‍ക്കുള്ള വിശ്രമമുറി, റിസപ്ഷന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസ്‌ഐ എന്നിവര്‍ക്ക് പ്രത്യേകം മുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ  കാന്റീന്‍ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. മുകളിലത്തെ നിലയില്‍ പോലീസുകാര്‍ക്കുള്ള വിശ്രമമുറി, സിസിടിവി മോണിറ്ററിംങ്ങ്, സ്റ്റോര്‍ എന്നിവ ഉണ്ട്. 

റൂറല്‍ ജില്ലയിലെ പുതിയ കണ്‍ട്രോള്‍ റൂമിന്റെയും, അങ്കമാലിയില്‍ പണികഴിപ്പിച്ചിട്ടുള്ള പോലിസ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനവും ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്ന് എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.

Content Highlights: Newly constructed Aluva police station will be inaugurated on Tuesday