കൊച്ചി: സുസ്ഥിര പരിസ്ഥിതി, പാരിസ്ഥിതിക വികസന സൊസൈറ്റി (സീഡ്സ്) 2018 പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്ക് പുതിയ ഭവനങ്ങള്‍ കൈമാറി. ഇന്ത്യ ഐഎന്‍സി4ന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലാണ് ഒമ്പത് പുതിയ വീടുകള്‍ നിര്‍മിച്ചും മൂന്നെണ്ണം പുതുക്കി പണിതും നല്‍കിയത്. 

കേരളത്തിലെ പരമ്പരാഗത വീടുകളുടെ മാതൃകയില്‍ പ്രാദേശികമായി ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മാണം. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കിയും പ്രാദേശിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചുമാണ് രൂപകല്‍പ്പന. എല്ലാ വീടുകളും വാട്ടര്‍ പ്രൂഫായി വെള്ളം കയറാത്ത രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 

അപ്രതീക്ഷിതമായ മഴയും വെള്ളപ്പൊക്കവും കേരളത്തെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരം ദുരന്തങ്ങള്‍ നിരവധി ജീവിതങ്ങളെ നിത്യ ദുരിതത്തിലാഴ്ത്തിയെന്നും സാമൂഹിക അംഗങ്ങളുമായി ചേര്‍ന്ന് ഇവരെ പുനരധിവസിപ്പിക്കേണ്ടത് സീഡിന്റെ പ്രധാന മൂല്യങ്ങളിലുള്‍പ്പെട്ടതാണെന്നും സീഡ്സ് പ്രോഗ്രാംസ് ചീഫ് യെസ്ദാനി റഹ്മാന്‍ പറഞ്ഞു. 

ഓരോ വീടുകള്‍ക്കുമുണ്ടായ നാശനഷ്ടം കണക്കാക്കിയാണ് ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച കുടുംബങ്ങള്‍ക്കായി ഭവന നിര്‍മാണം ആരംഭിച്ചതെന്നും പുതിയ വീടുകളിലേക്ക് അവര്‍ സന്തോഷത്തോടെ തിരിച്ചു കയറിയതില്‍ സംതൃപ്തിയുണ്ടെന്നും സീഡ്സ് സംസ്ഥാന പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജിനു വര്‍ഗീസ് പറഞ്ഞു.