കൊച്ചി: കസ്റ്റഡി മരണങ്ങളും പീഡനങ്ങളുമുണ്ടായാൽ ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നമ്പി നാരായണൻ കേസ് മികച്ച മാതൃകയാണെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ കഠിന ശിക്ഷ നൽകാനുള്ള പ്രത്യേക നിയമത്തിനായി കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ സ്വാഗതം ചെയ്തുകൊണ്ടാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി ഉണ്ടായത്.
മർദനത്തിന് ഇരയായവർക്ക് സിവിൽ കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥ നിലനിൽക്കെത്തന്നെ ഇത്തരം കേസുകൾ പരിശോധിച്ച് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നഷ്ടപരിഹാരം നൽകാമെന്നും സുപ്രീംകോടതി പറഞ്ഞു.
കഴിഞ്ഞ സെപ്‌റ്റംബറിൽ നമ്പി നാരായണന് 50 ലക്ഷം രൂപ സുപ്രീംകോടതി അനുവദിച്ചിരുന്നു. അതാണ് ഇപ്പോഴത്തെ വിധിയിൽ ചൂണ്ടിക്കാട്ടുന്നത്. പുതിയ നിയമത്തിനായി ദേശീയ നിയമ കമ്മിഷൻ നൽകിയ ശുപാർശയും കരടുബില്ലും കേന്ദ്രസർക്കാർ പരിശോധിച്ച് വിലയിരുത്തിയിട്ടുണ്ട്. അത് നിയമമാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻ നിയമ മന്ത്രി അശ്വിൻകുമാറാണ് പരാതി നൽകിയിരുന്നത്.
പുതിയ നിയമത്തിനുള്ള നടപടികൾ സജീവ പരിഗണനയിലാണെന്ന് അറ്റോർണി ജനറൽ അറിയിച്ചു. അതിനാൽ കേന്ദ്രത്തിന് നിർദേശം നൽകേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഡിവിഷൻ െബഞ്ച് കേസ് തീർപ്പാക്കി.
പ്രശസ്തനായ ശാസ്ത്രജ്ഞനെ മാനസികമായി പീഡിപ്പിക്കുകയും അദ്ദേഹത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുകയും ചെയ്ത സംഭവമാണെന്ന്, നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയ വിധിയിൽ സുപ്രീംകോടതി പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക നിയമം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ടാണ് ദേശീയ നിയമ കമ്മിഷൻ കേന്ദ്രത്തിന് ശുപാർശ നൽകിയത്.
മൻമോഹൻ സിങ് സർക്കാർ അതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും നിയമമാക്കാൻ കഴിഞ്ഞില്ല. മോദി സർക്കാർ തുടർ നടപടികൾ സ്വീകരിച്ചു. കരടുബില്ലിന്റെ പകർപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചുകൊടുത്തു.
കേന്ദ്ര വകുപ്പുകളുമായി നിയമ മന്ത്രാലയം ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.
2001 മുതൽ 2015 വരെ രാജ്യത്ത് 15,000-ഓളം കസ്റ്റഡി മരണങ്ങൾ നടന്നിട്ടുണ്ട്. 16,000 പേർക്ക് ശാരീരിക മർദനങ്ങളും ഏറ്റു. കസ്റ്റഡി മരണങ്ങളും മർദനങ്ങളും നേരിടാൻ ഇന്ത്യയിൽ പ്രത്യേക നിയമം ഇല്ലാത്തത് ആഗോളതലത്തിൽ വിമർശിക്കപ്പെട്ടിരുന്നു. ഇത്തരം കേസുകളിൽ ജീവപര്യന്തം ശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.