മുളവുകാട്: രണ്ടാംഘട്ട റോഡ് വികസനം പൂർത്തിയാക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുളവുകാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബോൾഗാട്ടി ജങ്ഷനിൽ നിന്നും ജിഡ ഓഫീസിലേക്കായിരുന്നു മാർച്ച്. തുടർന്ന് ജിഡ ഓഫീസിന് മുന്നിൽ നടന്ന ധർണ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്റെ നേതൃത്വത്തിൽ ജിഡ പ്രോജക്ട് ഡയറക്ടറുമായി ചർച്ച നടത്തി. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കാമെന്ന ഉറപ്പാണ് ജിഡ നൽകിയത്.

മുളവുകാട് മണ്ഡലം പ്രസിഡന്റ് പി.ജെ. ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി കെ.പി. ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം സോന ജയരാജ്, വിവേക് ഹരിദാസ്, മണ്ഡലം ഭാരവാഹികളായ വി.എസ്. അക്ബർ, കെ.കെ. അനിരുദ്ധൻ, ഡി. ശെൽവരാജ്, ഷൈസൺ, പി.ആർ. ജോൺ തുടങ്ങിയവർ സംസാരിച്ചു.