മുളവുകാട്: പട്ടാളം ക്യാമ്പ് മുതൽ തണ്ടാശ്ശേരി വരെയുള്ള രണ്ടാം ഘട്ട റോഡ് നിർമാണം വൈകുന്നുവെന്നാരോപിച്ച് മുളവുകാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. നാലുമാസം ടെൻഡർ കാലാവധിയുള്ള പണി ഒരു വർഷമായിട്ടും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. 2008-ൽ ജിഡ 16 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം വിട്ടുകിട്ടാത്തതിനാൽ റോഡ് നിർമാണം നീണ്ടുപോകുകയായിരുന്നു.

റോഡുനിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും രണ്ട്, പതിമൂന്ന് വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് നടന്ന സമരം പി.ആർ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി ജോസഫ് അധ്യക്ഷനായി. കെ.കെ. അനിരുദ്ധൻ, അഡ്വ. എൽസി ജോർജ്, വിവേക് ഹരിദാസ്, മജീദ് ഹുസൈൻ, സാജു എം.എ., ആന്റണി ഔഷൻ, വി.എസ്. അക്ബർ, മിനി പോൾ, റിന്റോ, ഷൈസൻ എന്നിവർ സംസാരിച്ചു.