മുളവുകാട്: രണ്ടാംഘട്ട റോഡ് വികസനവും സ്ഥലംകൈയേറ്റവും ഉന്നയിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

നാലുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് മുളവുകാട് രണ്ടാംഘട്ട റോഡുനിർമാണം തുടങ്ങിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. 11 മാസമായിട്ടും നിർമാണം പൂർത്തിയായിട്ടില്ല. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾക്ക് സഞ്ചരിക്കാനാകാത്തവിധം മോശമാണ് റോഡിന്റെ അവസ്ഥ. ഇതെല്ലാം പലതവണ ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ചതെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.

സ്ഥലം കൈയേറ്റം, കുടിവെള്ളപ്രശ്നത്തിന് പരിഹാരം എന്നീ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മുളവുകാട് രണ്ടാം വാർഡിൽ പഞ്ചായത്തിന്റെ സ്ഥലം െെകയേറി നിർമാണം നടത്തിയിട്ടുണ്ട്. വായനശാലയ്ക്കെന്ന പേരിൽ െെകയേറിയ സ്ഥലം ഭരണപക്ഷത്തിന്റെ പാർട്ടി ഓഫീസായാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷാംഗവും 16-ാം വാർഡംഗവുമായ റോസ് മേരി മാർട്ടിൻ പറഞ്ഞു.

ഈ വിഷയം കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചിരുന്നു. രണ്ടാം വാർഡിൽ നിർമിച്ച ഷെഡ്ഡ് പൊളിച്ചുമാറ്റി സ്ഥലം തിരിച്ചുപിടിക്കണമെന്നാണ് ആവശ്യം. എന്നാൽ ഇതും നടപ്പാക്കുന്നില്ല. പഞ്ചായത്തിൽ പലയിടത്തും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതിന് ഫലപ്രദമായ പരിഹാരം കണ്ടെത്താനും പഞ്ചായത്തിന് കഴിയുന്നില്ല. ഇതെല്ലാം വ്യക്തമാക്കി പഞ്ചായത്ത് സെക്രട്ടറിക്ക്‌ കത്തുനൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

bbവായനശാല പൊളിച്ചുമാറ്റുന്നതെങ്ങനെ- പ്രസിഡന്റ്

bb രണ്ടാം വാർഡിൽ നിർമിച്ച വായനശാല പഞ്ചായത്ത് ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് പഞ്ചായത്തിനുള്ളതെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ പറഞ്ഞു. സ്ഥലം െെകയേറ്റമെന്ന്‌ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്ന സ്ഥലത്ത് നിർമിച്ചിരിക്കുന്നത് വായനശാലയാണ്. എല്ലാവരും ഉപയോഗിക്കുന്ന വായനശാല പൊളിച്ചുമാറ്റാതെ പഞ്ചായത്ത് ഏറ്റെടുക്കണമെന്ന അഭിപ്രായം പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചിരുന്നതായും അവർ പറഞ്ഞു.

റോഡിന്റെ നിർമാണം ഫെബ്രുവരി പകുതിയോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഫെബ്രുവരിയിൽ ടാറിങ് തുടങ്ങുമെന്നാണ് നിലവിലെ വിവരം. ജിഡയും കിറ്റ്‌കോയും ചേർന്നാണ് നിർമാണം നടത്തുന്നത്. കുടിവെള്ള പ്രശ്നവും പരിഹരിച്ചുവരികയാണെന്നും വിജി ഷാജൻ പറഞ്ഞു.