മുളവുകാട്: കണ്ടെയ്നർ റോഡിലെ കാന നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് ജൂൺ മൂന്നിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.

കണ്ടെയ്നർ റോഡിൽ മുളവുകാട് ഭാഗത്തെ കാന നിർമാണം അശാസ്ത്രീയമായ രീതിയിലാണെന്ന് പ്രദേശവാസികൾ പരാതി ഉന്നയിച്ചിരുന്നു. ഇവിടെ താമസിക്കുന്നവർക്ക് ഈ കാനകൊണ്ട് ഗുണമില്ലെന്നായിരുന്നു പരാതി.

ഇതേതുടർന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള കാനനിർമാണം നടക്കുന്ന സ്ഥലം സന്ദർശിച്ചു.

വെള്ളം സുഗമമായി ഒഴുകാൻ കഴിയാത്ത അവസ്ഥയിലാണ്‌ കാനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുളവുകാട് വടക്കേ അറ്റത്ത് നിന്ന് കണ്ടെയ്നർ റോഡിലേക്കുള്ള അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കണ്ടെയ്നർ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. കണ്ടെയ്നർ റോഡിന്റെ വടക്കേ അറ്റത്ത് അടിപ്പാത ഉണ്ടെങ്കിലും അത് സഞ്ചാരയോഗ്യമല്ല. പ്രധാന റോഡിൽ നിന്ന്‌ അടിപ്പാതയിലേക്കുള്ള ഭാഗംവരെ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.

എൻ.എച്ച്.എ.ഐ. ഡയറക്ടർ എസ്.പി. സിങ്, മുളവുകാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജൻ, വാർഡംഗങ്ങൾ, മുളവുകാട് ജനകീയ വികസന സമിതി ഭാരവാഹികൾ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.