മുളന്തുരുത്തി: ഭൂതത്താൻകെട്ടിൽനിന്ന് പെരിയാർ വാലി കനാൽ വഴി ഡിസംബർ ആദ്യവാരം തുറന്നു വിടാറുള്ള വെള്ളം ഇത്തവണ ഫെബ്രുവരിയിലേ തുറക്കൂ. ഇതോടെ കനാൽ ജലത്തെ ആശ്രയിക്കുന്ന പഞ്ചായത്തുകളിലെ നെൽകൃഷി നശിക്കുമെന്നുറപ്പായതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. പെരിയാർവാലി കനാലിലെ വെള്ളമുപയോഗിച്ചായിരുന്നു തോട്ടറപ്പുഞ്ചയുടെ ഉയർന്ന ഭാഗങ്ങളിലും ആമ്പല്ലൂർ, മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ പ്രദേശങ്ങളിലെ മറ്റു പാടശേഖരങ്ങളിലും നെൽകൃഷി ചെയ്തുവന്നത്. qeപെരിയാർവാലി കനാൽ വരുന്നതിനു മുമ്പ് സെപ്റ്റംബറിലായിരുന്നു ഈ ഭാഗങ്ങളിൽ കൃഷിയിറക്കൽ. അന്നൊക്കെ ആവശ്യത്തിനു മഴ ലഭിക്കുമായിരുന്നു. എന്നാൽ പെരിയാർവാലി കനാൽ വന്നതോടെ മഴവെള്ളം മുഴുവൻ കനാൽ വഴി ഈ പാടശേഖരങ്ങളിലെത്തി കൃഷി വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയായി. ഇതോടെ മഴ മാറിയ ശേഷമാക്കി കൃഷിയിറക്കൽ. ആവശ്യമായ വെള്ളം ഭൂതത്താൻ കെട്ടിൽനിന്നും പെരിയാർവാലി കനാൽ വഴി കിട്ടുമായിരുന്നു. അന്നൊക്കെ ഭൂതത്താൻകെട്ടിൽ നിന്ന് വെള്ളം തുറന്നാൽ പുതിയ കനാലിലൂടെ താമസമില്ലാതെ പാടത്ത് വെള്ളമെത്തും. ഇപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.
കനാലുകൾ നിറയെ കാടുകളും മാലിന്യങ്ങളും
ഡിസംബറിൽ പാടശേഖരത്തിൽ വെള്ളമെത്തിക്കാൻ നവംബറിൽ കനാലുകൾ വൃത്തിയാക്കണം. കാടുകൾ വളർന്നതോടെ കനാൽ ശുചീകരണം ബാധ്യതയായി മാറി. ആദ്യം ജലസേചന വകുപ്പുതന്നെ ചെയ്തിരുന്ന ശുചീകരണം പിന്നീട് തൊഴിലുറപ്പു തൊഴിലാളികൾ ചെയ്തു തുടങ്ങി. എന്നാൽ ഈ വർഷം കനാലുകൾ വൃത്തിയാക്കാൻ തൊഴിലുറപ്പുകാർ തയ്യാറായില്ല. ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ കനാലുകൾ ജലസേചന വകുപ്പുതന്നെ നേരിട്ടു ചെയ്യാൻ തീരുമാനവുമെടുത്തു. പക്ഷേ, കനാൽ ശുചീകരണത്തിനു താമസമുണ്ടായി. ശുചീകരിക്കുന്നതിനു മുമ്പ് ജനുവരിയിൽ ഒരു തവണ ഭൂതത്താൻകെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടു. പക്ഷേ കാടു കയറിയതും മാലിന്യം നിറഞ്ഞതുമായ കനാലിലൂടെ അവസാന ഭാഗങ്ങളിലേക്ക് വെള്ളമെത്തിയില്ല. വെള്ളമെത്തിയില്ലെന്ന് അധികൃതർ മനസ്സിലാക്കുമ്പോഴേക്കും ആദ്യത്തെ ഊഴം കഴിഞ്ഞു പോയി. അടുത്ത ഊഴം 18-നാണ്. കനാലുകളുടെ ശുചീകരണം പൂർത്തിയാവുകയാണ്. പലരുടെയും പാകമായ ഞാറുണങ്ങിത്തുടങ്ങി. വളം ചെയ്തിട്ടില്ല. അതിനു വെള്ളം വേണം. ഉണങ്ങിപ്പോയില്ലെങ്കിൽ അതും 18-ന് വെള്ളം കിട്ടിയ ശേഷം ചെയ്യാമെന്നു കാത്തിരിക്കുകയായിരുന്നു പാണാർ പാടശേഖരത്തിലെ കർഷകൻ വിജയൻ പിള്ള.
അപ്പോഴാണ് വെള്ളം കുറഞ്ഞ ഭൂതത്താൻകെട്ടിൽ നിന്ന് 18-ന് വെള്ളം വിടില്ലെന്ന് അറിയിക്കുന്നത്. തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഫെബ്രുവരി ഒന്നിനു ശേഷമേ കനാലിലേക്ക് വെള്ളം തുറക്കേണ്ടതുള്ളു എന്നു തീരുമാനമെടുക്കുകയായിരുന്നു.
കളക്ടറുടെ യോഗം ഇന്ന്
ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി പഞ്ചായത്തുകളിലായി നൂറ്റമ്പതേക്കറിൽ കൃഷി നടക്കുന്ന പാണാർ പാടശേഖരത്തിലെ കർഷകർ മാസങ്ങളായി രാവും പകലും പരിപാലിച്ചു വന്ന നെൽകൃഷി വെള്ളമെത്താതെ നശിക്കുമെന്നതാണ് സ്ഥിതി. എന്നാൽ ചരിത്രത്തിലാദ്യമായി ഈ വർഷം ഫെബ്രുവരി ഒന്നിനു ശേഷമേ കനാലിലൂടെ വെള്ളം
എത്തിക്കൂവെന്നാണ് അറിയിപ്പ്. ആമ്പല്ലൂർ, മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളിലായി നൂറ്റമ്പതേക്കറിൽ വ്യാപിച്ചു കിടക്കുന്ന പാണാർ പാടശേഖരത്തിൽ ഞാറു കതിരിടാൻ ദിവസങ്ങൾ മാത്രം മതി. രണ്ടു ദിവസം കുറച്ചു വെള്ളം വീതം
കിട്ടിയാൽ പിന്നെ കിട്ടിയില്ലെങ്കിലും സാരമില്ല. ഇനി ജില്ലാ കളക്ടറുടെ യോഗമുണ്ട്. അതിൽ അനുകൂല തീരുമാനത്തിനായി അവർ കാത്തിരിക്കുകയാണ്.