കാക്കനാട്: തൃക്കാക്കര നഗരസഭയിൽ നഗരസഭാ വൈസ് ചെയർമാൻ സാബു ഫ്രാൻസിസിനെതിരേ എൽ.ഡി.എഫ്. അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ചെയർപേഴ്‌സൺ എം.ടി. ഓമനയ്ക്കെതിരേയുള്ള അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച നടക്കും. സി.പി.എം. വിമതൻ എം.എം. നാസർ ഉൾപ്പെടെയുള്ള എൽ.ഡി.എഫിലെ 21 അംഗങ്ങളോടൊപ്പം കോൺഗ്രസിലെ ഷീല ചാരു എൽ.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഷീല ഒഴികെ യു.ഡി.എഫിലെ മറ്റ് അംഗങ്ങളൊന്നും പ്രമേയ ചർച്ചയ്ക്ക് എത്തിയില്ല.

തിങ്കളാഴ്ച രാവിലെ 10.30-ഓടെ മുനിസിപ്പൽ ജോയിന്റ് ഡയറക്ടർ റാം മോഹൻ റോയി, തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറി പി.എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് വൈസ് ചെയർമാൻ സാബു ഫ്രാൻസിസിനെതിരേയുള്ള അവിശ്വാസ പ്രമേയത്തിനുള്ള പ്രത്യേക കൗൺസിൽ യോഗം ചേർന്നത്. ഒരു വോട്ടിനാണ് അവിശ്വാസം പാസായത്.

തൃക്കാക്കര നഗരസഭയിലെ 20-ാം ഡിവിഷനിൽ കോൺഗ്രസ് പാർട്ടി ചിഹ്നത്തിലാണ് ഷീല ചാരു മത്സരിച്ച് വിജയിച്ചത്. അവിശ്വാസത്തെ തുടർന്ന് കോൺഗ്രസ് നേതാക്കൾ ഇവർക്ക് വിപ്പ് നൽകാൻ പല തവണ ശ്രമിച്ചെങ്കിലും ഷീല കൈപ്പറ്റിയില്ല. സ്പീഡ് പോസ്റ്റ് വഴിയും വിപ്പ് അയച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് യു.ഡി.എഫ്. അംഗങ്ങൾക്കു നൽകിയിരുന്ന വിപ്പ്. എന്നാൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ എൽ.ഡി.എഫ്. കൗൺസിലർമാരുടെയും സി.പി.എം. പ്രവർത്തകരുടെയും സംരക്ഷണയിൽ ഷീല ചാരു നഗരസഭയിൽ വോട്ടെടുപ്പിന് എത്തി. അര മണിക്കൂർ കൊണ്ട്‌ യോഗ നടപടികൾ പൂർത്തിയാക്കി സി.പി.എം. കൗൺസിലർ കെ.എ. നജീബിനോടൊപ്പം അവർ കാറിൽ സ്ഥലംവിട്ടു. 43 അംഗ കൗൺസിലിൽ യു.ഡി.എഫ്. 22, എൽ.ഡി.എഫ്. 21 എന്നതാണ് കക്ഷിനില. ഇരു മുന്നണികളിലും നിലയുറപ്പിച്ചിട്ടുള്ള ഓരോ വിമതർ ഉൾപ്പെടെയാണിത്.

ചൊവ്വാഴ്ച നഗരസഭാ ചെയർപേഴ്‌സൺ എം.ടി. ഓമനയ്ക്കെതിരേയുള്ള അവിശ്വാസ വോട്ടെടുപ്പിലും ഷീല അനുകൂലമായി വോട്ടു ചെയ്യാനാണ് സാധ്യത. തൃക്കാക്കരയിൽ ഭരണമാറ്റം ഉണ്ടായാൽ ഷീല ചാരുവിന് ചെയർപേഴ്‌സൺ പദവിയാണ് എൽ.ഡിഎഫ്. വാഗ്ദാനം ചെയ്തിട്ടുള്ളതെന്നറിയുന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ.ടി. എൽദോ വൈസ് ചെയർമാനായേക്കും. പിന്തുണ നൽകിയ സി.പി.എം. വിമതൻ എം.എം. നാസറിന് കെ.ടി. എൽദോയുടെ സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷപദവി നൽകാനും പാർട്ടി ആലോചിക്കുന്നുണ്ട്.

കൂറുമാറി എൽ.ഡി.എഫിന് അനുകൂലമായി അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്ത ഷീല ചാരുവിന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.