മൂവാറ്റുപുഴ: നാടിന് അഭിമാനിക്കാവുന്ന മനുഷ്യ ധർമമാണ് ‘വയോമിത്രം’ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ ‘വയോമിത്രം’ പദ്ധതിയുടെ മൂന്നാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. 2019-20-ലെ പദ്ധതിപ്രഖ്യാപനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ നിർവഹിച്ചു. അവാർഡുദാനം നഗരസഭാ വൈസ് ചെയർമാൻ പി.കെ. ബാബുരാജും സമ്മാനദാനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത്ത് സലീമും, പി.എം.എ.വൈ. പദ്ധതി അംഗീകാര സമർപ്പണം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എം. സീതിയും നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രാജി ദിലീപ്, പ്രമീള ഗിരീഷ്‌കുമാർ, കൗൺസിലർമാരായ മേരി ജോർജ് തോട്ടം, കെ.എ. അബ്ദുൽ സലാം, സി.എം. ഷുക്കൂർ, പി.വൈ. നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
65 വയസ്സ് കഴിഞ്ഞവർക്ക് 2017 മുതൽ നഗരസഭാ പരിധിയിലെ 20 കേന്ദ്രങ്ങളിൽ പ്രതിമാസം 1,200 പേർക്ക് സൗജന്യചികിത്സയും മരുന്നും നൽകുന്നതാണ് ‘വയോമിത്രം’ പദ്ധതി. മൂന്നുവർഷം കൊണ്ട് 1,407 ക്യാമ്പും അരലക്ഷത്തോളം പേർക്ക് ചികിത്സയും മരുന്നും നൽകുന്നുണ്ട്. സംസ്ഥാന ഗവൺമെന്റും നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് 90 ലക്ഷം രൂപയാണ് ചെലവ്. പദ്ധതി ജില്ലയിൽ മാതൃകയാണ്.