മൂവാറ്റുപുഴ: വീട്ടൂർ എബനേസർ സ്കൂളിലെ വിദ്യാർഥിയെ ചവിട്ടി വീഴ്ത്തിയ കേസിൽ മൂവാറ്റുപുഴ കാക്കനാട് റൂട്ടിൽ സർവീസ് നടത്തിയ അനുപമ ബസിലെ കണ്ടക്ടർ ഡെന്നി സൈമന്റെ ലൈസൻസ് റദ്ദ് ചെയ്തു. കുന്നത്തുനാട് പോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. മൂവാറ്റുപുഴ ആർ.ടി.ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജീവ് കുമാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥി അഞ്ചൽ സുരേഷിനെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി ബസിൽ കയറുന്നതിനിടെ കണ്ടക്ടർ ചവിട്ടി വീഴ്ത്തിയത്. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിൽ അധ്യാപിക മരിക്കാൻ ഇടയായ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന ആർ. കൃഷ്ണകുമാര വർമയുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്തതായും ആർ.ടി.ഒ. റെജി പി. വർഗീസ് അറിയിച്ചു.