കൊച്ചി : പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ചെമ്പോല പരിശോധിക്കാൻ പ്രത്യേക സംഘം വേണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഇത് ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയെന്നായിരുന്നു മോൻസൺ അവകാശപ്പെട്ടിരുന്നത്. തൃശ്ശൂരിലെ യൂണിറ്റാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർക്ക് പ്രത്യേക സംഘത്തെ വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൊച്ചി, തൃശ്ശൂർ യൂണിറ്റുകൾ ചേർന്നായിരുന്നു മോൻസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പുരാവസ്തുക്കൾ എന്ന് അവകാശപ്പെട്ടിരുന്ന വസ്തുക്കൾ പരിശോധിച്ചത്. സംസ്ഥാന പുരാവസ്തു വകുപ്പും ഇതോടൊപ്പം പരിശോധന നടത്തിയിരുന്നു.

ചെമ്പോല തീട്ടൂരത്തിന്റെ കാലപ്പഴക്കവും ഇതിലെഴുതിയിരിക്കുന്നത് എന്താണ് എന്നതടക്കമുള്ള കാര്യങ്ങളും അറിയണമെങ്കിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കണമെന്നാണ് ആവശ്യം. മോൻസന്റെ ശേഖരത്തിൽ നിന്നു ലഭിച്ച ശബരിമലയിലെ ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

മോൻസൺ മൂന്നുവരെ റിമാൻഡിൽ

മോൻസൺ മാവുങ്കലിനെ നവംബർ മൂന്നുവരെ എറണാകുളം എ.സി.ജെ.എം. കോടതി റിമാൻഡ് ചെയ്തു. പുരാവസ്തു വ്യാപാരിയായ സന്തോഷ് എളമക്കരയെ കബളിപ്പിച്ച കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മോൻസണെ മൂന്നു ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു വരികയായിരുന്നു.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽത്തന്നെ ഇനി മോൻസന്റെ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.