കൊച്ചി : തൊഴിലെടുക്കുന്നവർക്കും അവരുടെ സേവനം ആവശ്യമുള്ളവർക്കും സഹായകമാകാൻ മൊബൈൽ ആപ്ലിക്കേഷൻ. ജില്ലാ പഞ്ചായത്താണ് ‘സ്കിൽ രജിസ്ട്രി ആൻഡ് ജോബ് പോർട്ടൽ’ എന്ന പേരിൽ പദ്ധതി ഒരുക്കുന്നത്. തൊഴിലാളികൾക്ക് വർഷം മുഴുവൻ തൊഴിൽ ലഭ്യമാക്കുന്നതോടൊപ്പം സേവനം ആവശ്യമുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ കിട്ടുക എന്നതുമാണ് ലക്ഷ്യം.

സേവനങ്ങളുടെയും ഈടാക്കുന്ന കൂലിയുടേയും പ്രവൃത്തിപരിചയത്തിന്റെയും വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ നൽകിയാൽ മതി. അതു നോക്കി ആവശ്യക്കാർ എത്തും. തൊഴിലും നൈപുണ്യവും വകുപ്പിന്‌ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസു (കെ.എ.എസ്.ഇ.) മായി ചേർന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരസ്പര സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സേവനദാതാവിന്റെ ലൊക്കേഷൻ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. റേറ്റിങ് എത്രപേർ അവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും ലഭ്യമാകുന്നതിനാൽ സേവനം ആവശ്യമുള്ളവർക്ക് അനുയോജ്യരായവരെ എളുപ്പത്തിൽ കണ്ടെത്താനാകും.

ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് അവരുടെ തൊഴിൽ മേഖലകളിൽ നൈപുണ്യ പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകാനും ആലോചനയുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ജില്ലയിലെ മുഴുവൻ തൊഴിലാളികളെയും സ്‌കിൽ രജിസ്ട്രി എന്ന മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമവുമുണ്ട്. ആപ്പിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി നോഡൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

ആപ്ലിക്കേഷൻ പൂർണ സജ്ജമായാൽ വർഷം ഒരു ലക്ഷത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.

ജില്ലയിലെ മുഴുവൻ തൊഴിലാളികളെയും രജിസ്റ്റർ ചെയ്യിക്കുന്നതിനായി 25, 26 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിൽ ‘സ്കിൽ രജിസ്ട്രി ദിനം’ ആചരിക്കും. ജനപ്രതിനിധികൾക്കൊപ്പം കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, മേറ്റുമാർ, എന്നിവരും ഈ യജ്ഞത്തിൽ പങ്കാളികളാകും.