ആലുവ: ‘പെരുന്നാൾപ്പടി’യായി കിട്ടിയ പണം മുഴുവനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകി അൻവർ സാദത്ത് എം.എൽ.എ.യുടെ മക്കൾ. കടുങ്ങല്ലൂർ രാജശ്രീ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി സിമി ഫാത്തിമയും അഞ്ചാം ക്ലാസ് വിദ്യാർഥിനി സഫ ഫാത്തിമയുമാണ് കാരുണ്യത്തിന്റെ വഴിയെ നടന്നത്.

കഴിഞ്ഞവർഷമുണ്ടായ പ്രളയത്തിൽ വീട് മുങ്ങിയതിനെ തുടർന്ന് എം.എൽ.എ.യും കുടുംബവും മൂന്നുദിവസത്തേക്ക് യു.സി. കോളേജിലെ ക്യാമ്പിലായിരുന്നു. പ്രളയം ബാധിച്ചവരുടെ ദുരിതങ്ങൾ അതുവഴി ഇരുവരും നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ബലിപ്പെരുന്നാൾ ദിനത്തിൽ എം.എൽ.എ.ക്കൊപ്പം നെടുമ്പാശ്ശേരി മേഖലകളിലെ ക്യാമ്പുകളിൽ സിമിയും സഫയും പോയിരുന്നു. ക്യാമ്പുകളിൽ കഴിയുന്നവരുടെ പരിതാപകരമായ അവസ്ഥ കണ്ടതോടെയാണ് അവരെ സഹായിക്കണമെന്ന ആശയം ഉദിച്ചത്.

സിമിയാണ് ‘പെരുന്നാൾപ്പടി’ ദുരിതാശ്വാസത്തിന് നൽകണമെന്ന് പിതാവിനോട് പറയുന്നത്. കഴിഞ്ഞ രണ്ട് പെരുന്നാളുകളിൽ കിട്ടിയ 24,800 രൂപയാണ് ഇരുവരുടേയും കൈയിൽ ഉണ്ടായിരുന്നത്. ലാപ്‌ടോപ്പോ, ഇലക്‌ട്രിക് സ്കൂട്ടറോ വാങ്ങാനായിരുന്നു ഇരുവരും ലക്ഷ്യമിട്ടിരുന്നത്.

ഈ പണംകൊണ്ട് കുട്ടികൾക്ക് വസ്ത്രം വാങ്ങിനൽകണമെന്ന താത്പര്യവും സിമി പിതാവുമായി പങ്കുവച്ചു. കുട്ടികൾ വാങ്ങിയ വസ്ത്രങ്ങൾ ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറി.