കൊച്ചി: ആറാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയെന്ന സംശയം മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കിടയാക്കി. ഇതേ തുടർന്ന് വെള്ളിയാഴ്ച രാത്രി അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. ഒടുവിൽ രാത്രി കുട്ടിയെ മാളിൽ നിന്ന്‌ കണ്ടെത്തി.

കറുകപ്പിള്ളി സ്വദേശിയായ പന്ത്രണ്ടുകാരനെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ ബന്ധുവീട്ടിൽ നിന്ന് കാണാതായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തിൽ ബന്ധുക്കൾ എളമക്കര പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. വിവരം പരന്നതോടെ നാട്ടുകാരും പോലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

കുട്ടിയുടെ കൈയിലുള്ള മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കാണാതായ കുട്ടിയെ രാത്രി ലുലു മാളിൽ നിന്ന് കണ്ടെത്തി.

മാതാപിതാക്കൾ ഉംറയ്ക്ക് പോയതിനെ തുടർന്ന് കുട്ടി എളമക്കരയിൽ അമ്മയുടെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് വെള്ളിയാഴ്ച വൈകീട്ട് കാണാതായത്. വീട്ടുകാർ കുട്ടിയുടെ കൈയിലുള്ള മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, വൈകീട്ട് അഞ്ചുമണിയോടെ ഫോൺ സ്വിച്ച്ഓഫായി.

രണ്ടുദിവസം മുൻപ് കുട്ടിയുടെ വീട്ടിലേക്ക് ഒരു ഭീഷണിസന്ദേശം എത്തിയിരുന്നുവെന്ന വിവരം കൂടി പരന്നതോടെ തട്ടിക്കൊണ്ടുപോയെന്നു തന്നെ എല്ലാവരും ഉറപ്പിച്ചു. ഈ പരാതിയുമായാണ് എളമക്കര പോലീസ് സ്റ്റേഷനിലേക്ക് ബന്ധുക്കളെത്തിയത്.

ഇടപ്പള്ളി ടോൾ ഭാഗത്താണ് ഫോൺ സ്വിച്ച്ഓഫായതെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഈഭാഗം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ, രാത്രി 10 മണിയോടെ ഇടപ്പള്ളിയിലെ ലുലു മാളിൽ കുട്ടിയെ കണ്ടെത്തി. രക്ഷിതാക്കൾ യാത്രയിൽ ഒപ്പം കൂട്ടാതിരുന്നതിൽ പ്രതിഷേധിച്ചാണ് വീടുവിട്ടിറങ്ങിയതെന്നാണ് പോലീസിനോട് കുട്ടി പറഞ്ഞത്.