മട്ടാഞ്ചേരി: മട്ടാഞ്ചേരിയുടെ തെരുവുകളിൽ വ്യാഴാഴ്ച ഹോളിയുടെ നിറക്കാഴ്ചകളായിരുന്നു. വടക്കെ ഇന്ത്യൻ സമൂഹം നിറങ്ങൾ വാരിയെറിഞ്ഞ് ഹോളിയാഘോഷിച്ചു. പാലസ് റോഡിലായിരുന്നു പ്രധാന ആഘോഷം. പാലസ് റോഡിലെ ക്ഷേത്രത്തിനകത്തും ആഘോഷമുണ്ടായി.

ഗുജറാത്തിസമൂഹത്തിന്റെ പ്രധാന വാസകേന്ദ്രമായ പാലസ് റോഡ് പരിസരത്ത്, കവലകളിലെല്ലാം സ്ത്രീകളും പുരുഷന്മാരുമൊക്കെ പങ്കെടുക്കുന്ന ആഘോഷമായിരുന്നു. ആഘോഷത്തിൽ പങ്കെടുത്തവരെല്ലാം പരസ്പരം നിറപ്പൊടികൾ വാരിയെറിഞ്ഞു. മുഖത്തും ദേഹത്തുമെല്ലാം നിറപ്പൊടി വാരിത്തേച്ചു. റോഡിലൂടെ കടന്നുപോയ വിദേശസഞ്ചാരികളും ആഘോഷങ്ങളിൽ അലിഞ്ഞുചേർന്നു. നിറങ്ങളെടുത്ത് അവർ ദേഹത്ത് തേച്ചു. നിറങ്ങൾ ചേർത്ത വെള്ളം ദേഹത്തേക്ക് ഒഴിച്ചു. നാട്ടുകാരും ആഘോഷങ്ങളിൽ പങ്കാളികളായി.