മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ നിന്ന് ഗേറ്റ് ചെക്കർമാരെ പിൻവലിച്ച ജലഗതാഗത വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകർ യാത്രാ ബോട്ട് പിടിച്ചുകെട്ടിയിട്ടു.

ചെലവുചുരുക്കലിന്റെ ഭാഗമായാണ് അധികൃതർ ഗേറ്റ് ചെക്കർമാരെ ഒഴിവാക്കിയത്. എന്നാൽ, ചെക്കർമാരില്ലാത്തതിനാൽ ജെട്ടിയിൽ യാത്രക്കാരെ നിയന്ത്രിക്കാനാകുന്നില്ലെന്നും ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും പരാതി ഉയരുകയായിരുന്നു. ചെക്കർമാർ ഇല്ലാത്തതിനാൽ ബോട്ടിൽ കയറുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് ബോട്ടിന്റെ സുരക്ഷയെയും ബാധിക്കുന്നു.

പ്രതിഷേധസമരം ഷമീർ വളവത്ത് ഉദ്ഘാടനം ചെയ്തു. െക.ബി. ജബ്ബാർ, എം.എം. സലീം, കെ.ബി. സലാം, സുജിത്ത് മോഹനൻ, അസീം ഹംസ, മുജീബ് കൊച്ചങ്ങാടി തുടങ്ങിയവർ സംസാരിച്ചു.

സമരത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി. ചെക്കർമാരെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.