മട്ടാഞ്ചേരി: ഡച്ച് രാജാവിനെയും രാജ്ഞിയെയും സ്വീകരിക്കാൻ ഒരുങ്ങുകയാണ് കൊച്ചി. ‘ഹോംലി ഹോളണ്ട്’ എന്ന് ഡച്ചുകാർ വിശേഷിപ്പിച്ചിരുന്ന കൊച്ചിയെ കാണാൻ നെതർലൻഡ്‌സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്‌സിമയും വ്യാഴാഴ്ചയാണെത്തുന്നത്. ഡച്ചുകാർ പുതുക്കി നിർമിച്ചതിനാൽ ‘ഡച്ച് പാലസ്’ എന്നറിയപ്പെട്ടിരുന്ന മട്ടാഞ്ചേരി കൊട്ടാരവും ഫോർട്ടുകൊച്ചിയിലെ ഡച്ച് സെമിത്തേരിയും ഇവർ സന്ദർശിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൊച്ചി ഏതാണ്ട് 132 വർഷക്കാലം ഡച്ച് ഭരണത്തിന് കീഴിലായിരുന്നുവെന്നാണ് ചരിത്രം. പോർച്ചുഗീസുകാരെ ആക്രമിച്ച് 1663-ൽ കൊച്ചിയെ ഡച്ചിന്റെ അധീനതയിലാക്കുകയായിരുന്നു. ഈ ആക്രമണ കഥകൾ കൊച്ചിയുടെയും രാജ്യത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴും ഡച്ചിന്റെ ശേഷിപ്പുകൾ കൊച്ചിയിലേറെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ബോട്ടാണിക്കൽ ഗാർഡൻ കൊച്ചിയിലായിരുന്നു. ഡച്ചുകാരുടെ സംഭാവനയായിരുന്നു അത്. ഫോർട്ടുകൊച്ചിയിൽ ‘ഓടത്ത’ എന്ന സ്ഥലത്തായിരുന്നു ആ ഔഷധ ഉദ്യാനം. ഉദ്യാന കവാടത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഓടത്തയിലുണ്ട്.

‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന അമൂല്യഗ്രന്ഥം രചിക്കപ്പെട്ടത് ഡച്ച് ഭരണകാലത്താണ്. അതിന്റെ അണിയറ ശില്പി ഡച്ച് ഗവർണറായിരുന്ന ഹെന്റിക്ക് വാന്റീഡായിരുന്നു. ഫോർട്ടുകൊച്ചിയിലെ ‘ഡേവിഡ് ഹാൾ’ ഡച്ച് ഭരണകാലത്ത് നിർമിച്ചതാണ്. ഡച്ച് കാലത്തെ സെമിത്തേരിയും ഫോർട്ടുകൊച്ചിയിലുണ്ട്. ഡച്ച് ക്യാപ്റ്റൻ താമസിച്ചിരുന്ന സ്ഥലമാണ് കൊച്ചിൻ ക്ലബ്. പുരാതന ഡച്ച് നഗരത്തെ ഓർമിപ്പിക്കുന്ന കാഴ്ചകൾ ഇപ്പോഴും കൊച്ചിയിൽ കാണാം. ഡച്ചുകാർ നാണയം അടിച്ചിരുന്ന ‘മിന്റ്’ ഫോർട്ടുകൊച്ചിയിലായിരുന്നു. അമേരിക്കയിൽ നിന്ന് വെള്ളി കൊണ്ടുവന്ന് അതുപയോഗിച്ചാണ് നാണയം അടിച്ചിരുന്നത്. അന്നത്തെ നാണയ നിർമാണപ്പുരയുടെ ശേഷിപ്പുകൾ ഫോർട്ടുകൊച്ചി പരേഡ് മൈതാനത്തോട് ചേർന്ന് ഇപ്പോഴും കാണാം. പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്ത ലന്തപ്പള്ളിയും (സെയ്ന്റ് ഫ്രാൻസീസ് പള്ളി) ഫോർട്ടുകാച്ചിയിലാണുള്ളത്.

പോർച്ചുഗീസുകാരെ കീഴടക്കിയ ശേഷം ഡച്ച് പതാക ഉയർത്തിയ പരേഡ് മൈതാനവും ചരിത്രസ്മരണ ഉണർത്തുന്ന മറ്റൊരു സ്മാരകമാണ്. ഡച്ച് രാജാവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള പതാകകളും നന്നാക്കി. രാജാവിനോടൊപ്പം വലിയ മാധ്യമ സംഘവുമുണ്ടാകും. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങൾ വൃത്തിയാക്കിയിടാനാണ് അധികൃതർ ശ്രമിക്കുന്നത്.