മട്ടാഞ്ചേരി: ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണയുടെ ഉത്പ്പാദനവും വിപണനവും തടയാൻ സർക്കാർ നടപടിയെടുക്കണമെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഗുണനിലവാര പരിശോധനയ്ക്ക് ആധുനിക ലാബ് സ്ഥാപിക്കണം. നാളികേരത്തിന്റെ ചിത്രം പ്രദർശിപ്പിച്ചുള്ള ബ്ലെൻഡഡ് എണ്ണകളുടെ വിൽപ്പനയാണ് ഇപ്പോൾ വെളിച്ചെണ്ണ വിപണി നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും, ജനങ്ങളെ കബളിപ്പിക്കുന്ന ഈ കച്ചവടം നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് തലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരളാ മർച്ചൻറ്‌സ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് വി.എ. യൂസഫ് ഉദ്ഘാടനം ചെയ്തു. കെ.എം. ജോൺ, എം.ജെ. കുര്യാക്കോസ്, സിബി തോമസ് തുടങ്ങിയവർ സംസാരിച്ചു.