മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് കപ്പലുകളിൽ എത്തുന്ന പ്രായമുള്ള യാത്രക്കാർക്ക് സഞ്ചരിക്കാൻ ഇനി ‘ബഗ്ഗി’കളുടെ സേവനം ലഭ്യമാകും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓപ്പൺ കാറുകളാണിത്. എട്ടുപേർക്ക് ഒരേസമയം സഞ്ചരിക്കാം. കപ്പലുകളിൽ വരുന്ന പ്രായമായ യാത്രക്കാരിൽ പലർക്കും നടക്കാൻ ബുദ്ധിമുട്ടുണ്ടാവാം. കപ്പലിൽനിന്ന് ടെർമിനലിലേക്ക് ഇവരെ എത്തിക്കാനാണ് ബഗ്ഗികൾ ഉപയോഗിക്കുക. ടെർമിനലിൽനിന്ന് തിരിച്ച് കപ്പലിലേക്കുള്ള യാത്രയ്ക്കും ബഗ്ഗികൾ ഉപയോഗിക്കും. ക്രൂയിസ് ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രായമായ സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് ബഗ്ഗികൾ തുറമുഖത്തുണ്ടാകും. ബഗ്ഗികൾ ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമാണ് കൊച്ചിയെന്ന് അധികൃതർ പറഞ്ഞു. ബഗ്ഗികളുടെ ഉദ്ഘാടനം കേന്ദ്ര ഷിപ്പിങ് മന്ത്രി മൻസുഖ് മാണ്ഡവ്യ നിർവഹിച്ചു. തുറമുഖ ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. എം. ബീന ചടങ്ങിൽ പങ്കെടുത്തു.