മട്ടാഞ്ചേരി: കൊച്ചിയിൽ നിന്ന് കാരുണ്യത്തിന്റെ ഒരു കഥ കൂടി... മട്ടാഞ്ചേരി കോമ്പാറമുക്കിലെ ചെറിയ തുണിക്കടയിലിരുന്ന മുഴുവൻ വസ്ത്രങ്ങളും ദുരിതബാധിതർക്കായി നൽകി, കട ഇനി പൂട്ടിയിടുകയാണ് ഹാരിഷ. ൈകയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ദാനംനൽകി, നാടിന് മാതൃകയായി മാറിയ കൊച്ചിക്കാരൻ നൗഷാദിന് കൊച്ചിയിൽനിന്ന് തന്നെ ഒരു പിൻഗാമി.

‘എല്ലാം നഷ്ടപ്പെട്ടവരുടെ വേദന കണ്ടില്ലെന്ന് നടിച്ചാൽ ദൈവം പൊറുക്കില്ല...’ -ഹാരിഷ പറയുന്നു.

മട്ടാഞ്ചേരി സ്വദേശിനിയായ ഹാരിഷയ്ക്ക് മറ്റ് വരുമാനമൊന്നുമില്ല. കോമ്പാറമുക്കിൽ ‘ഉമ്മാസ് കളക്‌ഷൻസ്’ എന്ന പേരിൽ വസ്ത്രക്കട നടത്തുകയാണ്‌ ഈ യുവതി. കടയിൽ സഹായം തേടിയെത്തിയ ദുരിതാശ്വാസ പ്രവർത്തകർക്ക് കടയിലെ മുഴുവൻ സാധനങ്ങളും എടുത്തുകൊടുക്കുകയായിരുന്നു ഇവർ. അതിനുശേഷം കട പൂട്ടി. ഇതോടെ, സഹായം തേടിയത്തിയവർ അമ്പരന്നു. കുറച്ച് മതിയെന്ന് അവർ പറഞ്ഞെങ്കിലും ഹാരിഷ സമ്മതിച്ചില്ല.

‘ഞങ്ങൾക്ക് കിടപ്പിടമെങ്കിലുമുണ്ട്. ഇതൊക്കെ നഷ്ടപ്പെട്ടവർക്ക് എന്തുകൊടുത്താലും മതിയാവില്ല...’ -ഹാരിഷ പറഞ്ഞു.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഹാരിഷയുടെ ഭർത്താവ് ഫൈസൽ. എല്ലാ സാധനങ്ങളും പ്രളയബാധിതർക്ക് നൽകിയ കാര്യം ഹാരിഷ ഭർത്താവിനെ വിളിച്ച് പറഞ്ഞു. ഫൈസലിനും അത് സമ്മതമായിരുന്നു.

ഇവർക്ക് രണ്ട് പെൺകുട്ടികളാണുള്ളത്, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഫൈഹയും പത്താം ക്ലാസിൽ പഠിക്കുന്ന ഫിദയും.

ഇനി ഒരുപക്ഷേ, കട തുറക്കാനാകില്ലെന്ന് ഹാരിഷ പറയുന്നു. തയ്യൽ അറിയാം, അതുകൊണ്ട് ജീവിക്കാമെന്നാണ് ഹാരിഷ പറയുന്നത്. ‘കട കാലിയാക്കി സഹായം ചെയ്താൽ ബുദ്ധിമുട്ടാവില്ലേ’ എന്ന് ചോദിച്ചവരോട്, ‘തരുന്നതും എടുക്കുന്നതും ദൈവമല്ലേ...’ എന്ന് ഹാരിഷ തിരിച്ചുചോദിക്കുന്നു.