കൊച്ചി: മരട് നിവാസികൾക്ക് പൊടിശല്യം ഭീഷണിയാകുന്നു. ചെറിയ പനി, ജലദോഷം, ചുമ, തലവേദന എന്നിവയാണ് പൊടി മൂലം ഉണ്ടാകുന്നത്. ആൽഫ ഫ്ലാറ്റ് പരിസരത്ത് തിങ്കളാഴ്ച ആരോഗ്യവകുപ്പിന്റെ ഫീൽഡ് വർക്കർമാർ നടത്തിയ സർവേയുടെ ഭാഗമായാണ് ചൊവ്വാഴ്ച ഹെൽത്ത് ക്യാമ്പ് നടത്തിയത്.

ആരോഗ്യവകുപ്പും നഗരസഭയും ചേർന്നാണ് ഫ്ലാറ്റിനു സമീപത്തെ ഖദീജത്തുൽ കുബ്‌റ ഇസ്ലാമിക് കോംപ്ലക്സിൽ ക്യാമ്പ് നടത്തിയത്. രാവിലെ 11 മണിക്ക്‌ തുടങ്ങിയ ക്യാമ്പിൽ പരിസരവാസികളെല്ലാംതന്നെ പങ്കെടുത്തു. നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ജീന എസ്. മോഹനാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. പരിസര വാസികൾക്ക് ചെറിയ തോതിൽ അലർജിയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്ന് ഡോ. ജീന പറഞ്ഞു.

വരുന്ന ഭൂരിഭാഗം പേർക്കും പനിയും ജലദോഷവും ചുമയും തലവേദനയും ഉണ്ട്. അമ്പത് പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇവരിൽ പകുതിയിൽ കൂടുതൽ ആളുകൾക്കാണ് ഈ ലക്ഷണങ്ങൾ ഉള്ളത്. ഇവർക്ക് മൂന്നു ദിവസത്തേക്കുള്ള മരുന്നാണ് നൽകിയിരിക്കുന്നത്. കുറയാത്ത പക്ഷം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡോ. ജീന പറഞ്ഞു. എല്ലാ ദിവസവും ഫീൽഡ് വർക്കർമാർ പല സ്ഥലങ്ങളിലായി വീടുകൾ സന്ദർശിക്കും.

അവശിഷ്ടങ്ങൾ മാറ്റുന്ന മുറയ്ക്ക് വീണ്ടും പൊടി കൂടാനാണ് സാധ്യത. അതിനാൽത്തന്നെ ജനലും വാതിലും തുറന്നിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഡോക്ടർ നിർദേശിക്കുന്നു. പരിശോധിക്കുമ്പോൾ പൊട്ടിത്തെറിയുടെ ഭാഗമായുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. മറിച്ച് സ്ഥിരമായി പൊടിയുമായുള്ള സംസർഗമാണ് ഇതിന്‌ കാരണമായി കണക്കാക്കുന്നത്. രോഗ ലക്ഷണങ്ങളും രോഗങ്ങളും കണ്ടെത്തിയവർക്ക് ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണവും നടത്തി. ഫ്ലാറ്റ് പൊളിക്കുന്നതിനു മുമ്പ് ഗൃഹസന്ദർശനം നടത്തി രോഗബാധിതരെ കണ്ടെത്തിയിരുന്നു. ഇനിയും ഫീൽഡ് വർക്ക് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. നാട്ടുകാർ ആവശ്യപ്പെടുകയാണെങ്കിൽ മൂന്നാഴ്ചയ്ക്കു ശേഷം ഹോമിയോയും അലോപ്പതിയും ആയുർവേദവും ചേർന്ന് ഒരു ക്യാമ്പ് നടത്തുമെന്ന് സ്ഥലം കൗൺസിലർ ദിഷ പ്രതാപൻ പറഞ്ഞു.

പൊടി ശ്വസിക്കാതിരിക്കാൻ മാസ്ക് നനച്ചിടുക

പൊടി ശ്വസിക്കാതിരിക്കാനാണ് അലർജിയുള്ളവർ ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇതിനായി മാസ്ക്‌ ഉപയോഗിക്കണം. മാസ്കില്ലാത്ത പക്ഷം തുണിയും ഉപയോഗിക്കാം. ഇവ നനച്ച് ഇടുകയാണെങ്കിൽ പൊടി കയറാതിരിക്കും. മുഖം മൂടിയത് മാറ്റുമ്പോൾ കൈകൾ സോപ്പിട്ടു കഴുകണം. അല്ലെങ്കിൽ അവ മാറ്റുമ്പോൾ വീണ്ടും പൊടി ശരീരത്തിലേക്ക് കടക്കുമെന്നും ഡോക്ടർമാർ പറയുന്നു.