കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളിൽനിന്നുള്ള മാലിന്യനീക്കത്തിൽ അവ്യക്തത തുടരുന്നതിനിടെ നനയ്ക്കൽ ജോലികൾ തുടങ്ങി. പൊടിശല്യം രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് തീരുമാനം.

40 എച്ച്.പി.യുടെ വലിയ മോട്ടോർ ഉപയോഗിച്ചാണ് അവശിഷ്ടങ്ങളിലേക്കു വെള്ളം തളിക്കുന്നത്. മാലിന്യനീക്കത്തിന് കരാർ എടുത്ത പ്രോംപ്റ്റ് എന്റർപ്രൈസസും ജില്ലാ ഭരണകൂടവും ചേർന്നു നടത്തിയ ചർച്ചയിലാണ് അവശിഷ്ടങ്ങൾ നനയ്ക്കാൻ തീരുമാനമായത്.

പൊടിശല്യത്തിൽ വിശദീകരണംതേടി

ഫ്ളാറ്റുകൾ പൊളിച്ചതിനെത്തുടർന്ന് പ്രദേശത്തുണ്ടായ രൂക്ഷമായ പൊടിശല്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് വിശദീകരണം തേടി. പൊടിശല്യം നിയന്ത്രിക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കാണ് ബോർഡ് നോട്ടീസ് നൽകിയത്. നാലു ഫ്ലാറ്റുകൾ പൊളിച്ചതോടെ 76350 ടൺ കോൺക്രീറ്റ് മാലിന്യമാണ് രൂപപ്പെട്ടത്. കോൺക്രീറ്റ് മാലിന്യം യാർഡുകളിലേക്കു നീക്കുന്നത് ഇനിയും വൈകുമെന്നാണ് സൂചന. ചന്തിരൂരിൽ രണ്ടും എഴുപുന്ന, കുമ്പളം എന്നിവിടങ്ങളിൽ ഓരോ യാർഡുമാണ് ഒരുങ്ങുന്നത്.

ഇരുമ്പ് നീക്കാൻ തുടങ്ങി

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിലെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ഇരുമ്പ് കമ്പികൾ നീക്കം ചെയ്യാനുള്ള ജോലി ചൊവ്വാഴ്ച തുടങ്ങി. പൊടി പടരാതിരിക്കാൻ നനച്ചതിനുശേഷമാണ് സ്റ്റീലും കോൺക്രീറ്റുമെല്ലാം വേർതിരിക്കുന്നത്. പൊളിച്ച ഫ്ലാറ്റിനോടുചേർന്നുള്ള പ്രദേശങ്ങളിലും പൊടി നിയന്ത്രിക്കുന്നതിനായി നനയ്ക്കുന്നുണ്ട്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിന് 20 ദിവസത്തിൽ താഴെ മതിയാകുമെന്നാണ് കരാറുകാർ പറയുന്നത്.

ആൽഫ സെറീൻ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾക്കു മേൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെള്ളം തളിച്ചത്. ഇതോടെ പൊടിശല്യത്തിന് താത്കാലിക ശമനമായി. ഫ്ലാറ്റ് തകർക്കുന്നതിന് മുന്നോടിയായി പരിസരത്തുള്ള നാലു വൈദ്യുതത്തൂണുകൾ കെ.എസ്.ഇ.ബി. തകർത്തിരുന്നു. ഇത് ചൊവ്വാഴ്ച വൈകീട്ടോടെ പുനഃസ്ഥാപിച്ചു.

കായലോരത്ത് അതേനില

ഗോൾഡൻ കായലോരം ഫ്ലാറ്റിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഇരുമ്പ് വേർതിരിക്കുന്ന ജോലി തുടങ്ങിയിട്ടില്ല. ഇവിടെ നനയ്ക്കാനും തുടങ്ങിയിട്ടില്ല. കോറൽ കോവിൽ നാലു ജെ.സി.ബി.കളാണ് ചൊവ്വാഴ്ച രാവിലെ മുതൽ കെട്ടിടാവശിഷ്ടങ്ങൾ പൊട്ടിച്ച് കോൺക്രീറ്റും കമ്പിയും വേർതിരിക്കുന്നത്. എന്നാൽ, ഉച്ചയ്ക്ക് ഒരുമണിക്കുശേഷമാണ് അവശിഷ്ടങ്ങളിൽ വെള്ളം തളിക്കൽ തുടങ്ങിയത്.