മരട്: മരടിൽ ഫ്ലാറ്റ് പൊളിക്കൽ ആരംഭിച്ചതോടെ ഒരു മാസമായി ഉറക്കം നഷ്ടപ്പെട്ടതായി നാട്ടുകാർ. കെട്ടിടം പൊളിക്കുന്നതിനു മുമ്പ് വേണ്ടപോലെ വെള്ളമൊഴിച്ച് നനയ്ക്കുന്നില്ല, ഇതുമൂലം കോൺക്രീറ്റ് പൊടിപടലങ്ങൾ സമീപത്തെ വീടുകളിലെത്തുന്നു. ഭക്ഷണം കഴിക്കാൻ പോലുമാകാത്ത അവസ്ഥ എന്നാണ് നാട്ടുകാരുടെ പരാതി. ചുമയും ശ്വാസംമുട്ടലുമായി സമീപവാസികൾ ആശുപത്രികളിൽ എത്തുന്നുണ്ട്. ഇതിൽ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ട്.

പതിനെട്ട് നിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നില പൊളിക്കൽ ആരംഭിച്ചപ്പോഴുണ്ടായ കോൺക്രീറ്റ് പൊടിപടലങ്ങൾ വളരെ ദൂരെ എത്തിയതായി കൗൺസിലർമാർ പറയുന്നു.

രാത്രിയിൽ അവശിഷ്ടം നീക്കൽ

പരാതി ഉയർന്നപ്പോൾ ഇതൊഴിവാക്കാനെന്ന പേരിൽ കെട്ടിടാവശിഷ്ടങ്ങൾ അർദ്ധരാത്രിക്കു ശേഷം ലോറിയിൽ കയറ്റി കൊണ്ടുപോയി. അവശിഷ്ടങ്ങൾ നീക്കാൻ കരാർ ലഭിച്ചിരിക്കുന്നത് ആലുവ കേന്ദ്രമായ ‘പ്രോംപ്റ്റ് എന്റർപ്രൈസസ്‌’ സ്ഥാപനത്തിനാണ്. ഇതിന് ഔദ്യോഗികമായ അംഗീകാരം ബുധനാഴ്ച നടക്കുന്ന നഗരസഭാ കൗൺസിൽ യോഗത്തിലേ നൽകൂ.

എന്നാൽ, ഇതിനു മുമ്പുതന്നെ സാധനങ്ങൾ നീക്കുന്നുവെന്ന്‌ ആരോപിച്ച് മുനിസിപ്പൽ ചെയർപേഴ്സൺ ടി.എച്ച്. നദീറയും വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിലും രംഗത്തെത്തി. ഇതിന് ചില കൗൺസിലർമാർ കൂട്ടുനിൽക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ബുധനാഴ്ചത്തെ കൗൺസിലിൽ ചർച്ചയ്ക്കു വന്നാൽ ബഹളത്തിന് സാധ്യതയുണ്ട്.

കോൺക്രീറ്റ് അവശിഷ്ടം ജില്ലയിൽ തന്നെയുള്ള നിലം നികത്താൻ ഉപയോഗിച്ചതായും ചില കൗൺസിലർമാർക്ക് ആക്ഷേപമുണ്ട്.

നഗരസഭാധികൃതർ നിസ്സംഗത കാട്ടുന്നു എന്നാരോപിച്ച് നഗരസഭയിലെത്തി പ്രതിഷേധിക്കുമെന്ന് പൊളിക്കൽ നടക്കുന്ന കെട്ടിടത്തിന്റെ സമീപവാസികളുടെ കൂട്ടായ്മ അറിയിച്ചു.