മരട്: മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന്റെ രഹസ്യ മൊഴിയെടുക്കൽ ആരംഭിച്ചതോടെ മരടിലെ ഇരു മുന്നണികളുടെയും രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരേയുള്ള കുരുക്ക് മുറുകുന്നു. ഉദ്യോഗസ്ഥരിൽനിന്ന് രാഷ്ട്രീയക്കാരിലേക്കും അന്വേഷണം നീങ്ങുന്നതിന്റെ സൂചനയാണിത്. രാഷ്ട്രീയക്കാരുടെ കൂടാതെ ചില ഉദ്യോഗസ്ഥരുടെയും രഹസ്യ മൊഴി രേഖപ്പെടുത്തും.

നിയമപരമല്ലാത്ത ഇടപാടുകളിൽ ഏർപ്പെട്ടതിന്റെ പേരിൽ മുൻ പഞ്ചായത്തംഗങ്ങളെയും (മരട് പഞ്ചായത്തായിരുന്ന കാലത്തെ) കൗൺസിലർമാരെയും സി.ആർ.പി.സി. 164-ാം വകുപ്പ് പ്രകാരം സമൻസയച്ച് വിളിപ്പിച്ച് രഹസ്യ മൊഴിയെടുക്കുകയാണ്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് മൊഴി രേഖപ്പെടുത്തൽ തുടങ്ങിയത്. ക്രമക്കേട് നടന്ന കാലയളവിലെ ഡിവിഷൻ കൗൺസിലർ ആൻഡ്രൂസ് കളത്തിപ്പറമ്പിലിന്റെ മൊഴിയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

മരടിൽ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്ന കാലയളവിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എ. ദേവസിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരേ ആൻഡ്രൂസ് രണ്ടാഴ്ച മുമ്പ് രേഖാമൂലം പരാതി നൽകിയിരുന്നു.

സംസ്ഥാന വിജിലൻസ് മേധാവി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഡി.ജി.പി. എന്നിവർക്കാണ് പരാതി നൽകിയത്. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ മൊഴിക്കായി ആൻഡ്രൂസിനെ തന്നെ വിളിപ്പിച്ചത്.

ക്രമക്കേട് കാലയളവിലെ 22 കൗൺസിലർമാരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിൽ ചിലരെ തിരഞ്ഞെടുത്താണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. കാരണം ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടില്ല. അക്കാലയളവിലെ

കോൺഗ്രസ്‌ കൗൺസിലർമാരായ ജിൻസൺ പീറ്റർ, സി.ഇ. വിജയൻ, മുൻ പഞ്ചായത്ത് സെക്രട്ടറി അഷറഫിനു ശേഷം സെക്രട്ടറിയായി ചുമതലയേറ്റ പി.ജി. ആന്റണി എന്നിവരുടെ രഹസ്യ മൊഴിയെടുക്കുന്നതിനായി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ട്.

പഞ്ചായത്ത് യോഗം മിനിറ്റ്സിൽ കൗൺസിലർമാർ അറിയാതെ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്ന കാര്യം എഴുതിച്ചേർത്തുവെന്നാണ് ആരോപണം. അന്നത്തെ പ്രസിഡന്റ്‌ സി.പി.എമ്മിലെ കെ.എ. ദേവസ്സിക്കെതിരേയാണ് മുഖ്യ ആരോപണം. അഞ്ച് സി.പി.എം. കൗൺസിലർമാരുൾപ്പെടെ ക്രമക്കേടിനെക്കുറിച്ച് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ഇവരിൽ മൂന്നുപേരെ രഹസ്യ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചേക്കും.