കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളിലെ കോൺക്രീറ്റ് മാലിന്യം നീക്കുമ്പോൾ പൊടി നിയന്ത്രിക്കാൻ എന്തെല്ലാം ചെയ്തുവെന്നതു സംബന്ധിച്ച് കർമപദ്ധതി തയ്യാറാക്കി നൽകാൻ ദേശീയ ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാനതല നിരീക്ഷണ സമിതി (എസ്.എൽ.എം.സി.) ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള നിർദേശിച്ചു. തിങ്കളാഴ്ച വരെ കാക്കും. തുടർന്ന് ട്രിബ്യൂണലിൽ റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം ‘മാതൃഭൂമി’യോട് പറഞ്ഞു.

നഗരസഭയാണ് ചെയ്യേണ്ടതെങ്കിലും അവർ തയ്യാറാകുന്നില്ലെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി.) ഇത് ചെയ്യാനും അദ്ദേഹം നിർദേശിച്ചു.

പൊടി നിയന്ത്രിക്കാനും മറ്റുമായി ഏതാനും നിർദേശങ്ങൾ ചെയർമാൻ നൽകിയിരുന്നെങ്കിലും ഇതൊന്നും വേണ്ടത്ര ഗൗരവത്തോടെ നടപ്പായിട്ടില്ല. വ്യാഴാഴ്ച മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്റൽ എൻജിനീയർ എം.എ. ബൈജു ഇടക്കാല റിപ്പോർട്ട് ചെയർമാന് നൽകിയെങ്കിലും അതു പോരെന്നും നടപടി റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദേശിക്കുകയായിരുന്നു.

തുടർച്ചയായി നോട്ടീസ് നൽകിയിട്ടും മരട് നഗരസഭ സഹകരിക്കുന്നില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരാതി. തുടർന്ന് ബോർഡിന്റെ സംസ്ഥാന ഓഫീസ് കർമപദ്ധതി തയ്യാറാക്കുകയാണ്. ഇത് അടുത്ത ദിവസം ജില്ലാ കളക്ടർ, ഫോർട്ട്‌കൊച്ചി സബ് കളക്ടർ, ചീഫ് എൻവയോൺമെന്റൽ എൻജിനീയർ, നഗരസഭാ സെക്രട്ടറി എന്നിവരുൾപ്പെടുന്ന പ്രത്യേക സമിതി പരിശോധിച്ച ശേഷം, എസ്.എൽ.എം.സി. ചെയർമാന് നൽകും. അദ്ദേഹം തന്റെ അഭിപ്രായം കൂടി ചേർത്ത് ഹരിത ട്രിബ്യൂണലിന് സമർപ്പിക്കും.

പൊടിയുടെ അളവ് ഇന്നുമുതൽ

സ്ഫോടനത്തിൽ തകർത്ത ഫ്ലാറ്റുകളുടെ പരിസരത്ത് പി.സി.ബി. സ്ഥാപിച്ച ഉപകരണങ്ങളിൽനിന്ന് വെള്ളിയാഴ്ച മുതൽ പൊടിയുടെ അളവ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന പൊടിയുടെ അളവാണ് (പർട്ടിക്കുലേറ്റ് മാറ്റർ-പി.എം.) കണക്കാക്കുന്നത്. പത്തോ അതിൽ കുറവോ മൈക്രോ മീറ്റർ വ്യാസമുള്ള കണികയ്ക്ക് പി.എം.10 എന്നു പറയും. 2.5 മൈക്രോ മീറ്ററോ അതിൽ കുറവോ ഉള്ളത് പി.എം. 2.5. മനുഷ്യന്റെ തലമുടി 100 മൈക്രോമീറ്ററാണ്. അതായത്, തലമുടിയുടെ വീതിയിൽ 40 പി.എം. 2.5 കണികകൾ വെക്കാം. ചെറിയ കണികകൾ ശ്വാസകോശത്തിൽ കടന്നുകയറുന്നതാണ് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്.

കോൺക്രീറ്റ് മാലിന്യങ്ങളുടെ മുകളിൽ വെള്ളം ചിതറിവീഴിച്ചു മാത്രമേ (സ്‌പ്രിങ്കിൾ) നീക്കാവൂ എന്നാണ് എസ്.എൽ.എം.സി. ചെയർമാൻ നിർദേശിച്ചിരിക്കുന്നത്. ഹോസുകളിലൂടെ നനയ്ക്കുന്ന രീതി പോരെന്ന് അദ്ദേഹം പറഞ്ഞിരുന്നു.