മരട്: മരടിൽ ഫ്ലാറ്റ് പൊളിക്കൽ തുടരുന്നതോടൊപ്പം തിങ്കളാഴ്ച സമീപത്തെ ഒരു വീടിനു കൂടി വിള്ളൽ.

ഫ്ലാറ്റിൽനിന്ന്‌ 30 മീറ്റർ ദൂരത്തിലുള്ള നെടുമ്പിള്ളിൽ ഗോപാലന്റെ വീട്ടിലാണ് ആഴത്തിലുള്ള നാല് വിള്ളലുകൾ കണ്ടെത്തിയത്. പുതിയ വിള്ളലുകൾ രൂപപ്പെടുകയും പഴയ വിള്ളലുകൾ വലുതാകുകയും ചെയ്തു. വീടിന്റെ പടിഞ്ഞാറു വശത്തെ മുറിയുടെ തറയിൽ വലിയ വിള്ളൽ വീണ് തറയുടെ ഒരു ഭാഗം താഴേക്ക് ഇടിഞ്ഞ നിലയിലാണ്. പുറംഭിത്തിയിൽ ജനൽ മുതൽ തറ വരെ വീതി കൂടിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. അടുക്കളയോടു ചേർന്നുള്ള മുറിയിൽ മൂലയ്ക്കായി ഭിത്തിയുടെ മുകൾഭാഗം തൊട്ട് അടിവരെ വേർപെടാൻ പാകത്തിൽ വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. അടുക്കളയുടെ പുറംഭിത്തിയിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഗോപാലന്റെ ഭാര്യ ദിദി, മകൻ അഭിലാഷ് എന്നിവരാണ് ഇവിടെ താമസിക്കുന്നത്.

ഞായറാഴ്ച ഗോപാലന്റെ ബന്ധുവും സമീപവാസിയുമായ നെടുമ്പിള്ളിൽ ജനാർദനന്റെ വീട്ടിലെ ബർത്തിന്റെ സീലിങ്‌ അടർന്നുവീണിരുന്നു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു ഇത്. കൂടാതെ എട്ടടി നീളത്തിൽ ഭിത്തിയിൽ വിള്ളലും വീണതായി ജനാർദനന്റെ മകൻ സനുരാജ് പറഞ്ഞു. 63 വയസ്സുള്ള പിതാവ് ജനാർദനനും രണ്ടരയും ഏഴും വയസ്സ് വീതമുള്ള രണ്ട് കുട്ടികളുമടങ്ങുന്ന തന്റെ കുടുംബം ഭയപ്പാടോടെയാണ് കിടന്നുറങ്ങുന്നതെന്നും സനുരാജ് പറഞ്ഞു.

വിവരമറിയിച്ചതിനെ തുടർന്ന് മരട് നഗരസഭ ചെയർപേഴ്സൺ ടി.എച്ച്. നദീറ, വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ, ഡിവിഷൻ കൗൺസിലർ ദിഷ പ്രതാപൻ എന്നിവർ വീട്ടിലെത്തിയിരുന്നു.