മരട്: തീരദേശ നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി വിധിപ്രകാരം പ്ലാറ്റുകൾ പൊളിച്ച നെട്ടൂരിലെ പരിസരവാസികളായ വീട്ടുകാർ മഴപ്പേടിയിൽ. വലിയ മഴ പെയ്താൽ വിള്ളലുകളിലൂടെ വെള്ളം വീടിനുള്ളിൽ വീഴുമോയെന്നാണ് പേടി. മഴക്കാലമെത്തുന്നതിന് മുമ്പ് വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നാണ് അവരുടെ ആവശ്യം.

നെട്ടൂരിലെ ആൽഫ സെറീൻ ഫ്ലാറ്റിന് സമീപത്തെ ഡോ. മനു, നെടുമ്പിള്ളി സുഗുണാനന്ദൻ എന്നിവരുടെ വീടുകൾക്ക് കാര്യമായ വിള്ളൽ കണ്ടെത്തിയിരുന്നു. ഇതിൽ സുഗുണാനന്ദന്റെ വീടിന് മുകളിൽ വെള്ളം കെട്ടിനിർത്തിയപ്പോൾ ചോർച്ചയും കണ്ടെത്തി. ഇതുസംബന്ധിച്ച് ഇൻഷൂറൻസ് കമ്പനിക്ക് രേഖാമൂലം വിവരങ്ങളും നൽകിയിട്ടുണ്ട്.

തകരാർ സംഭവിച്ചാൽ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള നഷ്ടങ്ങൾക്കാണ് കമ്പനി ഇൻഷുറൻസ് നൽകുക. ഈ തുകയ്ക്ക്‌ താഴെയുള്ള നഷ്ടപരിഹാരം പൊളിക്കൽ കരാറെടുത്ത വിജയ് സ്റ്റീൽ കമ്പനി വഹിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇതുപ്രകാരം മഴക്കാലത്തിന് മുമ്പ് പ്രശ്ന പരിഹാരമുണ്ടാകുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ.