കരുമാല്ലൂർ: ആലങ്ങാട്ട്‌ മാല മോഷ്ടാവ് വീണ്ടുമെത്തി. സ്കൂട്ടറിൽ പോയ യുവതിയെ പിന്നാലെയെത്തിയ കള്ളൻ ആക്രമിച്ച് സ്വർണമാല കവർന്നു. ആലങ്ങാട് കൊടുവഴങ്ങ പുതിയറോഡ് പഴമ്പിള്ളിൽ വീട്ടിൽ പ്രസാദിന്റെ ഭാര്യ അമ്പിളിയുടെ മൂന്നുപവന്റെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഏഴിന് ആലങ്ങാട്-കൂനമ്മാവ് റോഡിൽ പുതിയറോഡിനു സമീപമായിരുന്നു സംഭവം.

ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നതിനായാണ് അമ്പിളി സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയത്. പറവൂരിൽ ചെന്ന് അവിടെ നിന്ന്‌ ബസിൽ ഗുരുവായൂരിലേക്ക്‌ പോകാനായിരുന്നു തീരുമാനം. ചെമ്പോരെ ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ ഹെൽെമറ്റ്‌ ധരിച്ച ഒരാൾ ബൈക്കിൽ പിന്നാലെ വരുന്നതു കണ്ടു.

കയറിപ്പോകുന്നതിന് ഇടം കൊടുത്തിട്ടും അയാൾ കടന്നുപോയില്ല. തുടർന്ന് അമ്പിളി പുതിയറോഡ് പാലം കടന്നതോടെ അയാൾ അടുത്തെത്തി കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ അമ്പിളിയും മാലയിൽ പിടിച്ചു. അതുകൊണ്ട് മൂന്നിലൊരു ഭാഗവും താലിയും കൈയിൽ കിട്ടി. ബാക്കിയുള്ളതുമായി കള്ളൻ പാഞ്ഞുപോകുന്നതിനിടെ അയാളുടെ വണ്ടിയുടെ നമ്പർ ശ്രദ്ധിച്ചപ്പോഴാണ് നമ്പർപ്ലേറ്റ്‌ തന്നെ ഇല്ലാത്ത വണ്ടിയുമായാണ് അയാൾ വന്നതെന്നറിഞ്ഞത്.

ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. അവർ വിവരമറിയിച്ചതിനെ തുടർന്ന് ബിനാനിപുരം പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകളാണ് പോലീസ് പരിശോധിക്കുന്നത്.

Content Highlights: Man on scooter snatches chain from woman on another scooter, gold theft