മൂവാറ്റുപുഴ : മാതാപിതാക്കളെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച മകനോട് വസ്തുക്കൾ അച്ഛന് തിരിച്ചെഴുതി നൽകാൻ മൂവാറ്റുപുഴ താലൂക്ക് അദാലത്തിൽ ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് പ്രാദേശികാടിസ്ഥാനത്തിൽ പരാതി പരിഹരിക്കുന്നതിനുള്ള അദാലത്തിലാണ് ഉത്തരവ്.

മാതാപിതാക്കളെ വേണ്ടവിധം സംരക്ഷിക്കാതെ കഷ്ടപ്പെടുത്തിയതിന് മക്കളോട് ഒരു നിശ്ചിത തുക മാതാപിതാക്കൾക്ക്‌ ജീവിതച്ചെലവിന് നൽകാനും ഉത്തരവുണ്ട്.

വസ്തു എഴുതിവാങ്ങിയ ശേഷം മക്കളും ബന്ധുക്കളും സംരക്ഷിക്കുന്നില്ലെന്ന് പരാതിപ്പെട്ട കല്യാണി, ഉഷ, മറിയാമ്മ എന്നിവരെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വയോജന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിക്കാനും ഉത്തരവായി.

40 പരാതികളിൽ 25 എണ്ണം പരിഹരിച്ചു. കോതമംഗലം താലൂക്കിൽ 28-ന് അദാലത്ത് നടത്തും. ആർ.ഡി.ഒ. പി. എൻ. അനി, ജൂനിയർ സൂപ്രണ്ട് കെ.എം. അനിൽകുമാർ, സെക്ഷൻ ക്ലാർക്ക് കെ.ആർ. ബിബിഷ്, ടെക്നിക്കൽ അസിസ്റ്റന്റ് എസ്. അനു, ഓഫീസർമാർ തുടങ്ങിയവർ നേതൃത്വം നൽകി.