പറവൂർ: കുട്ടികളുടെ കളിപ്പാട്ടങ്ങൾക്ക് ആധുനികത ഏറെ വന്നെങ്കിലും പഴയ നാട്ടുരീതിയിൽ ഉണ്ടാക്കുന്ന കളിപ്പാട്ടമായ ‘മകുട’ത്തിന് ആവശ്യക്കാരേറെ. ചേന്ദമംഗലം മാറ്റപ്പാടത്തുള്ള ഏക കളിയുപകരണമാണിത്.
കൈയിൽപ്പിടിച്ച് തിരിച്ചാൽ മകുടത്തിന്റെ മണികൾ ഇരുവശങ്ങളിലും വലിച്ചുകെട്ടിയ തുകലിൽ അടിച്ച് പ്രത്യേക ശബ്ദം ഉയരും. ഈ ശബ്ദവീചികൾ മാറ്റച്ചന്തയിൽ വിഷുവിന്റെ വരവേൽപ്പിനെ ഉയർത്തിക്കാട്ടുന്നതാണ്. മൂന്ന് പതിറ്റാണ്ടായി കൃഷ്ണൻകുട്ടിയാണ് മകുടം ഇവിടെ വിൽപ്പനയ്ക്ക് കൊണ്ടുവരുന്നത്.
ചിരട്ടയും മരക്കോലും ചായവും പശയും കൊണ്ടാണ് മകുടം നിർമിക്കുന്നത്. കൃഷ്ണൻകുട്ടിയും ഭാര്യയും ചേർന്നാണ് മാസങ്ങൾ പണിയെടുത്ത് ഇതുണ്ടാക്കുന്നത്. ചേന്ദമംഗലം പഞ്ചായത്ത് മുസിരിസ് ഫെസ്റ്റിൽ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മകുടം വാങ്ങിക്കാനും തിരക്കേറെയാണ്.