എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ
കൊച്ചി: പുകവലിക്കില്ല, മദ്യം ഉപയോഗിക്കില്ല എന്ന് ഓരോ വിദ്യാര്‍ഥിയും സ്വയം തീരുമാനിച്ച് പ്രതിജ്ഞയെടുക്കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍. ലഹരി ഉപയോഗിക്കില്ലെന്ന് സ്വയം ഉറപ്പിച്ചാല്‍ മറ്റൊരു ശക്തിക്കും നമ്മളെ വഴിതെറ്റിക്കാന്‍ കഴിയില്ല. അല്പാല്പമായി ലഹരി ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന തരത്തില്‍ കലാലയങ്ങളിലും സ്‌കൂളുകളിലും ഹോസ്റ്റലുകളിലുമെല്ലാം ഇപ്പോള്‍ വ്യാപകമായി ഒരുതരം പ്രചാരണം നടക്കുന്നുണ്ട്. ചെറിയ തോതില്‍ ലഹരി ഉപയോഗിച്ചാല്‍ ഊര്‍ജ്ജവും കാര്യക്ഷമതയും കൈവരുമെന്ന് പറഞ്ഞാണ് പുതിയ ആളുകളെ കെണിയില്‍ വീഴ്ത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിച്ച് മാക്‌സ് ഇന്റഗ്രേറ്റഡ് ഫൗണ്ടേഷനും വാലത്ത് ജ്വല്ലേഴ്‌സും ചേര്‍ന്ന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്ന 'ഞാനുമുണ്ട് ലഹരിക്കെതിരെ' എന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കള്‍ ഒരു തവണ ഉപയോഗിച്ചാല്‍ ജീവിതാവസാനം വരെ അടിമപ്പെട്ട് പോകാന്‍ സാധ്യത ഏറെയാണ്. ഇന്ന് സമൂഹത്തില്‍ നടക്കുന്ന പല ക്രൂരകൃത്യങ്ങളും പരിശോധിച്ചാല്‍ അതിന് പിന്നിലെ സ്വാധീനശക്തി അനധികൃത ലഹരി വസ്തുക്കളാണെന്ന് കാണാം. ലഹരി ഒരു സാമൂഹ്യ പ്രശ്‌നമായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ലഹരിക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ പലവിധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. വിമുക്തി പദ്ധതി വിജയകരമായി പുരോഗമിക്കുകയാണ്. എങ്കിലും സമൂഹത്തിന്റെ എല്ലാ തലത്തില്‍ നിന്നുള്ള സഹകരണവും പിന്തുണയും കൂടി ഉണ്ടെങ്കിലേ ലഹരിക്കെതിരെയുള്ള പോരാട്ടം പൂര്‍ണതയില്‍ എത്തൂ. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ഒറ്റയടിക്ക് അതില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയില്ല. ഘട്ടം ഘട്ടമായി വേണം അത് ചെയ്യാന്‍. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സംഭാവന ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന പതാക റിച്ച്മാക്സ് അധികൃതര്‍ക്ക് മന്ത്രി കൈമാറി. ടി.ജെ. വിനോദ് എം.എല്‍.എ ലഹരിവിരുദ്ധ സന്ദേശം നല്‍കി. റിച്ച് മാക്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗം ജനറല്‍ മാനേജര്‍ ഫാ.മൈക്കിള്‍ ഡിക്രൂസ്, സെന്റ്. ആല്‍ബര്‍ട്ട്‌സ് എച്ച്. എസ്. എസ് ഹെഡ്മാസ്റ്റര്‍ വി.ആര്‍. ആന്റണി, റിച്ച്മാക്സ് ഫൗണ്ടേഷന്‍ പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ചലച്ചിത്ര സംഗീത സംവിധായകന്‍ ശങ്കര്‍ ശര്‍മ്മ ഒരുക്കി യുവഗായകന്‍ ഫൈസല്‍ റാസി ആലപിച്ച 'ടീനേജ് കാലം' എന്ന ലഹരിവിരുദ്ധ പ്രചാരണഗാനവും പുറത്തിറക്കി.
Content Highlights: m v govindan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..