flightനെടുമ്പാശ്ശേരി : കേരളത്തിൽനിന്ന് നേരിട്ട് സർവീസ് നടത്തുന്ന വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നതിനാൽ പ്രവാസികൾ പലരും കുവൈത്ത് യാത്ര കൊളംബോ വഴിയാക്കുന്നു. ശ്രീലങ്കൻ എയർലൈൻസിൽ കൊളംബോയിലെത്തി അവിടെ നിന്ന് കുവൈത്തിലേക്ക്‌ പോകുകയാണ് ചെയ്യുന്നത്. താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടുമെന്നതിനാലാണിത്.

ഇപ്രകാരം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ശ്രീലങ്കൻ എയർലൈൻസിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയായി. കൊച്ചിയിൽനിന്ന് ശ്രീലങ്കൻ എയർലൈൻസിന് കൊളംബോയിലേക്ക്‌ ആഴ്ചയിൽ മൂന്ന് സർവീസുണ്ട്. എന്നാൽ കൊളംബോയിൽനിന്ന് കുവൈത്തിലേക്ക്‌ ശ്രീലങ്കൻ എയർലൈൻസിന് ഞായറാഴ്ച മാത്രമേ സർവീസുള്ളൂ. അതിനാൽ ഈ വിമാനത്തിൽ അടുത്ത ദിവസങ്ങളിലൊന്നും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.

ജസീറ എയർലൈൻസ്, കുവൈത്ത് എയർവേയ്‌സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ കൊച്ചിയിൽനിന്ന്‌ കുവൈത്തിലേക്ക്‌ നേരിട്ട് സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഈ വിമാനങ്ങളിലെല്ലാം ഉയർന്ന ടിക്കറ്റ് നിരക്കാണ്. ചില ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികമാണ് കൊച്ചി-കുവൈത്ത് നിരക്ക്. കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക്‌ ആഴ്ചയിൽ ആറ് സർവീസുകളാണുള്ളത്. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ എങ്ങനെയും കുവൈത്തിലേക്കും മറ്റും മടങ്ങാനായി നെട്ടോട്ടത്തിലാണ്. ഇത് മുതലാക്കി ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി ഗൾഫ് മലയാളികളെ ചൂഷണം ചെയ്യുകയാണ് വിമാന കമ്പനികൾ.