കുറുപ്പംപടി: 2019 മുതൽ ഹർത്താൽ രഹിത പട്ടണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും വ്യാഴാഴ്ച കുറുപ്പംപടിയിൽ ആരും കടകൾ തുറന്നില്ല. ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ കുറുപ്പംപടിയിൽ പൂർണമായിരുന്നു. രാവിലെ ഏതാനും കടകൾ തുറന്നെങ്കിലും 12 മണിക്ക് ഹർത്താലനുകൂലികളുടെ പ്രകടനം വന്നതോടെ അവരും കടകൾ അടച്ചു.

ഹർത്താൽ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത മർച്ചന്റ്‌സ് അസോ. ഭാരവാഹികളോ മറ്റ് സംഘടനകളോ രംഗത്തുണ്ടായില്ലെന്ന് വ്യാപാരികൾ ആരോപിച്ചു. പ്രകടനം നടത്തിയവരും സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ച വ്യാപാരികളും തമ്മിൽ ചെറിയതോതിൽ വാക്കേറ്റമുണ്ടായെങ്കിലും സി.ഐ. കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ഇടപെടലിനെത്തുടർന്ന് സംഘർഷം ഒഴിവായി. ഒരാഴ്ച മുൻപ് മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹർത്താൽ രഹിത കുറുപ്പംപടിയെന്ന ആശയവുമായി വ്യാപാരഭവൻ ഹാളിൽ യോഗം ചേർന്നിരുന്നു. 15 റസി. അസോസിയേഷൻ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും വ്യാപാരികളും പങ്കെടുത്ത യോഗത്തിൽ, അടിക്കടിയുണ്ടാകുന്ന ഹർത്താലിനെതിരേ പൊതുവികാരം രൂപപ്പെടുകയും ഇനിമുതൽ കുറുപ്പംപടിയെ ഹർത്താൽ രഹിതമാക്കുമെന്ന് തീരുമാനമെടുക്കുകയും ചെയ്തു. എന്നാൽ, മർച്ചന്റ്‌സ് അസോ. വിളിച്ചുചേർത്ത യോഗത്തിൽ സി.പി.എമ്മിന്റേയോ ബി.ജെ.പി.യുടേയോ ഭാരവാഹികൾ പങ്കെടുത്തിരുന്നില്ല.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കടകൾ തുറക്കുമെന്ന പ്രചാരണമുണ്ടായതിനെത്തുടർന്ന് ശബരിമല കർമസമിതി പ്രവർത്തകർ വീണ്ടും ടൗണിൽ ഒത്തുചേർന്നെങ്കിലും കടകൾ തുറക്കാൻ വ്യാപാരികൾ തയ്യാറായില്ല. അതേസമയം, ശബരിമല വിഷയത്തിൽ, വികാരപരമായി വൻതോതിലുണ്ടായ പ്രതിഷേധമാണ് കടകൾ തുറക്കുന്നതിൽനിന്ന് വ്യാപാരികളെ പിന്തിരിപ്പിച്ചതെന്ന വിലയിരുത്തലുമുണ്ട്.