കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തിലെ ഒൻപത്, 11, 12 വാർഡുകൾ ഉൾപ്പെടുന്ന വീട്ടിമുകൾ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. ചൂരത്തോട് പമ്പ്ഹൗസിൽ നിന്ന് ജലഅതോറിറ്റിയുടെ കുടിവെള്ളമെത്തുന്നത് വല്ലപ്പോഴുമാണ്, അതും ഏതാനും മണിക്കൂറുകൾ മാത്രം. ‘വീട്ടിലാളുണ്ടെങ്കിൽ വെള്ളം പിടിച്ചുവയ്ക്കാം. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്നവർക്ക് പകൽസമയം വീട്ടിലിരിക്കാൻ നേരം കിട്ടില്ലല്ലോ’ - പ്രദേശവാസിയായ ആലിയാട്ടുകുടി റാഹേൽ പറഞ്ഞു. വീടിന് സമീപമുള്ള പൊതുടാപ്പിൽനിന്ന് വെള്ളം പിടിച്ച് വഴിയരികിൽ നിന്ന് വസ്ത്രം കഴുകുകയായിരുന്നു റാഹേൽ.
ചില ദിവസങ്ങളിൽ രാത്രി വെള്ളമെത്തുമ്പോൾ ഉറക്കമൊഴിച്ചിരുന്ന് വെള്ളം പിടിക്കലാണ് പണിയെന്ന് ഇവർ പറയുന്നു. മൂന്ന് വാർഡുകളിലായി 200 കുടുംബങ്ങൾക്കാണ് ജലക്ഷാമം. വീട്ടിമുകൾ എന്ന കുന്നിൻമുകളിലായതിനാൽ ജലഅതോറിറ്റിയുടെ വെള്ളമെത്താൻ പ്രയാസം. പൈപ്പിൽ വെള്ളം വരാത്തദിവസം താഴ്ന്ന പ്രദേശങ്ങളിൽ പോയി തലച്ചുമടായാണ് ഇവർ വെള്ളം കൊണ്ടുവരുന്നത്.
പ്രതീക്ഷ മാടമ്പിള്ളിച്ചിറയിൽ
കുറുപ്പംപടി: വീട്ടിമുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് മാടമ്പിള്ളിച്ചിറ. മലമുകളിൽനിന്ന് 200 മീറ്ററോളം താഴെ പാടശേഖരത്തിലുള്ള മാടമ്പിള്ളിച്ചിറ സംരക്ഷിച്ച് ഇവിടെ ജലപദ്ധതി ആവിഷ്കരിക്കണം. അരയേക്കറോളം വിസ്തൃതിയുള്ള ചിറ കാടുകയറി പകുതിയായി ചുരുങ്ങിയിരിക്കുകയാണിപ്പോൾ. ചുറ്റിലുമുള്ള പാടത്ത് കൃഷിയില്ലാത്തതിനാൽ ഇവിടേക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയായി.
ഗ്രാമസഭായോഗത്തിൽ ആവശ്യമുയർന്നതിനെത്തുടർന്ന് പദ്ധതിക്കായി 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നതായി പഞ്ചായത്തംഗം ബീന പൗലോസ് പറഞ്ഞു. ചിറയുടെ പുനരുദ്ധാരണത്തിനായി താലൂക്ക് സർവേയറെത്തി സ്ഥലം അളന്നുതിരിച്ചു. എന്നാൽ, സാങ്കേതികമായ തടസ്സങ്ങളെത്തുടർന്ന് തുടർനടപടിയുണ്ടായില്ല. വീട്ടിമുകളിൽ ഏറ്റവും ഉയർന്ന സ്ഥലത്ത് സംഭരണി സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. അതേസമയം ഇക്കാര്യത്തിൽ പഞ്ചായത്തംഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നഷ്ടപ്പെടാൻ കാരണമെന്ന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി എൽദോസ് മാത്യൂസ് കുറ്റപ്പെടുത്തി.
നോക്കുകുത്തിപോലൊരു ജലസംഭരണി
കുറുപ്പംപടി: വീട്ടിമുകളിലെ ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഒന്നും ജനങ്ങൾക്ക് ഉപകാരപ്പെട്ടില്ലെന്ന് മാത്രം. 20 കൊല്ലം മുൻപ് മലമുകളിൽ നിർമിച്ച ജലസംഭരണി, അങ്കണവാടിക്ക് സമീപം ഇപ്പോഴും അങ്ങനെതന്നെയുണ്ട്. മദ്യപസംഘങ്ങൾക്ക് സൗകര്യപ്രദമായി തമ്പടിക്കാനുള്ള താവളമായി ഇത് മാറിയിരിക്കുന്നു. ചൂരത്തോടുള്ള പുലച്ചിറയിൽനിന്ന് ഇവിടേക്ക് വെള്ളം എത്തിക്കാനായിരുന്നു അന്ന് പദ്ധതിയിട്ടത്. ടാങ്ക് നിർമിച്ചതൊഴിച്ചാൽ മറ്റ് പണികളൊന്നും നടന്നില്ല.