കുറുപ്പംപടി: മഴ കനക്കുമ്പോൾ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് പ്രദേശങ്ങളെ ഒറ്റപ്പെടുത്തുന്ന രണ്ട് പാലങ്ങളുണ്ട്. നോർത്ത് ക്രാരിയേലിയിൽ നിന്നുള്ള സൊസൈറ്റി പാലവും സൗത്ത് ക്രാരിയേലിയിൽ നിന്നുള്ള കുത്തുങ്കൽ പാലവും. മേയ്ക്കപ്പാലയിലെ കോട്ടപ്പാറ വനാതിർത്തിയിലൂടെ വരുന്ന മൂന്നാം തോടിന് കുറുകെയാണ് രണ്ടുപാലങ്ങളും. പുഴ നിറഞ്ഞ് ആദ്യം വെള്ളം കയറുന്നത് കൈവഴിയായ ഈ തോട്ടിലേക്കാണ്. ആദ്യം സൊസൈറ്റി പാലം മുങ്ങുന്നതോടെ കൊച്ചുപുരയ്ക്കൽ കടവിലേയ്ക്കുള്ള വഴിയടയും. കഴിഞ്ഞദിവസം അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നു ഈ പാലത്തിൽ.

രണ്ടാമതാണ് കുത്തുങ്കൽ പാലം മുങ്ങുക. ഇത്തവണ കുത്തുങ്കൽ പാലത്തിനൊപ്പം വെള്ളമുയർന്നെങ്കിലും പാലം മുങ്ങുകയോ ഗതാഗത തടസ്സമുണ്ടാവുകയോ ചെയ്തില്ല. ഈ പാലം മുങ്ങിയാൽ പാണിയേലി പോരിലേക്കുള്ള ഗതാഗതം തടസ്സപ്പെടും. ഒന്ന് മുതൽ നാലുവരെയുളള വാർഡുകളിലായി ആയിരത്തിലധികം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലാവുന്നത്. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാർഗങ്ങളാണ് ഇത്.

2013-ൽ മുന്നറിയിപ്പില്ലാതെ ഇടമലയാർ ഡാം തുറന്ന് വെള്ളപ്പൊക്കമുണ്ടായപ്പോൾ രണ്ടു പാലങ്ങളും വെള്ളത്തിനടിയിലായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, മുതിർന്നവരുടെ ജോലി, ടൗണിലേയ്ക്കുള്ള ഗതാഗതം, ആശുപത്രി തുടങ്ങിയ കാര്യങ്ങളെല്ലാം പാലങ്ങൾ മുങ്ങുന്നതോടെ അവതാളത്തിലാവുകയാണ്.

അരനൂറ്റാണ്ടോളം പഴക്കമുള്ള രണ്ട് പാലങ്ങളും വീതിയും ഉയരവും കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന പാണിയേലി പോരിനേയും ബാധിക്കുന്ന പ്രശ്നമാണ് ഇത്. മഴക്കാലത്ത് ശക്തമായി കുത്തിയൊഴുകുന്ന തോട്ടിലെ രണ്ടു പാലങ്ങളും ജീർണാവസ്ഥയിലാണ്. ഇതിനു പുറമേയാണ് പുഴയിലെ വെള്ളപ്പൊക്കവും പാലങ്ങളെ ദുർബലപ്പെടുത്തുന്നത്.

പുഴയിൽ വെള്ളമുയരുന്നതനുസരിച്ച് ജീവിതം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റേണ്ടിവരുന്ന ഇരുപതോളം കുടുംബങ്ങളാണ് തോടിന്റെ ഇരു കരകളിലുമുള്ളത്. പുഴയിലെ ജലനിരപ്പിലുണ്ടാകുന്ന ചെറിയ വർധന പോലും ഇവരെ പ്രതികൂലമായി ബാധിക്കുന്നു.

മലയോര ഹൈവേയുടെ ഭാഗമായി കുത്തുങ്കൽ പാലം പുനർനിർമിക്കുമെന്ന വിവരമുണ്ടെങ്കിലും ഇതിനുള്ള നടപടികളൊന്നും ആയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടു പാലങ്ങളുടേയും ജീർണാവസ്ഥ മാറ്റുകയും മഴക്കാലത്തുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുകയും വേണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.