കുമ്പളങ്ങി : ‘കളിസ്ഥലം ഇല്ലാത്ത പഞ്ചായത്ത്’എന്ന കുമ്പളങ്ങിയുടെ പേരുദോഷം ഇക്കുറിയെങ്കിലും മാറുമോയെന്നതാണ് ചോദ്യം. പഞ്ചായത്തുഭരണം തീരാൻ ഇനി നാലുമാസമാണ് ബാക്കി. ഭരണം അവസാനിക്കുന്നതിന് മുമ്പ് കളിസ്ഥലം പൂർത്തിയാക്കുമെന്നുതന്നെയാണ് ഭരണക്കാരുടെ ഉറപ്പ്.

ഇന്ത്യയിൽ ആദ്യമായി വില്ലേജ് ടൂറിസം പദ്ധതി നടപ്പാക്കിയ കുമ്പളങ്ങിയിൽ, കുട്ടികൾക്ക് കളിസ്ഥലം ഇല്ലെന്നത് വലിയൊരു പോരായ്മയാണ്.

എല്ലാക്കാലത്തും കുമ്പളങ്ങിയുടെ ഇല്ലായ്മകളുടെ പട്ടികയിൽ കളിസ്ഥലവും കടന്നുകൂടിയിരുന്നു. പഞ്ചായത്തിൽ പൊതുവായി കുട്ടികൾക്ക് കളിക്കുന്നതിന് ഒരു മൈതാനമില്ല. പഠനം കഴിഞ്ഞെത്തുന്ന കുട്ടികൾ വഴിയരികിലും പൊതുസ്ഥലത്തുമെല്ലാം കൂട്ടംകൂടും. പക്ഷേ, അവർക്ക് കളിക്കാൻ കഴിയുന്നില്ല.

കായികമായ ഒരു പരിശീലനത്തിനും കഴിയാതെ വിഷമിക്കുകയാണ് കുമ്പളങ്ങിയിലെ കുട്ടികൾ. കാലങ്ങളായി ഈ പ്രശ്നം നിലനിൽക്കുകയാണ്. പണം ചെലവാക്കി മൈതാനം ഒരുക്കാമെന്ന് കരുതിയാൽ, കളിസ്ഥലമായി ഉപയോഗിക്കാൻ മാത്രം വിസ്‌തൃതിയുള്ള ഭൂമി പഞ്ചായത്തിൽ കിട്ടാനില്ല.

പണംമുടക്കിയാലും കൈയെത്തിപ്പിടിക്കാൻ കഴിയാത്ത സ്വപ്നമായി കളിസ്ഥലം മാറിയതോടെയാണ്, ജലാശയത്തിന്റെ ഒരുഭാഗം നികത്തി കളിസ്ഥലം ഒരുക്കാൻ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചത്.

നേരത്തെ, ടൂറിസം പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങി കല്ലഞ്ചേരിയിൽ ഒരു കലാഗ്രാമം നിർമിക്കാൻ തീരുമാനിച്ചിരുന്നു. കായലിന്റെ ഒരുഭാഗം നികത്തി അവിടെ കലാഗ്രാമം നിർമിക്കാനായിരുന്നു തീരുമാനം. കുറെ പണം ചെലവഴിച്ച് കായൽ കുറച്ചുഭാഗം നികത്തുകയും ചെയ്തു.

എന്നാൽ, ഈ പദ്ധതിയൊക്കെ പിൽക്കാലത്ത് ഉപേക്ഷിച്ചു. നികത്തിയ ഭാഗം കുറച്ച് ബാക്കിയുണ്ട്. അമ്പതുമീറ്റർകൂടി നികത്തിയാൽ ഇതൊരു കളിസ്ഥലമാക്കി മാറ്റാം. കായലിലേക്ക് എത്താൻ റോഡ് ഉണ്ടായിരുന്നില്ല. 40 ലക്ഷം രൂപ ചെലവഴിച്ച് ആദ്യം റോഡ് നിർമിച്ചു.

കായൽ നികത്തുന്നതിനുള്ള സാധനങ്ങൾ അവിടേക്ക് കൊണ്ടുപോകുന്നതിന് അങ്ങനെ റോഡായി. മഴ തുടങ്ങിയതോടെ ഈ റോഡിൽ ചെളി നിറഞ്ഞു.

കരിങ്കൽപ്പൊടി വിരിച്ച് റോഡിലെ ചെളി ഒഴിവാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണിപ്പോൾ പഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി രണ്ടര ലക്ഷം രൂപ ഇതിനായി ചെലവഴിക്കും.

കല്ലഞ്ചേരിയിൽ കളിസ്ഥലം നിർമിക്കുന്നതിന് പത്തു ലക്ഷം രൂപ പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. പണം ചെലവഴിക്കാനുള്ള അനുമതിയുമുണ്ട്. ജോലികൾ ടെൻഡർ ചെയ്തതായി പഞ്ചായത്തധികൃതർ പറയുന്നു. എന്നാൽ, ജോലി ഏറ്റെടുക്കാൻ കരാറുകാരായില്ല. ജോലികൾ വീണ്ടും ടെൻഡർ ചെയ്യാനാണ് തീരുമാനമെന്ന് അധികൃതർ പറയുന്നു.