കുമ്പളങ്ങി : കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് കുമ്പളങ്ങി പഞ്ചായത്തിലേക്ക് ആളുകൾ കടന്നുവരുന്നത് തടയാൻ കുമ്പളങ്ങിയിലെ എല്ലാ കടവുകളും കെട്ടിയടയ്ക്കാൻ ഗ്രാമപ്പഞ്ചായത്ത് യോഗം തീരുമാനിച്ചു.

കെൽട്രോൺ ഫെറി, ആഞ്ഞിലിത്തറ റോഡ്, ജനതാ ഫെറി, കുമ്പളങ്ങി പാർക്ക്, എഴുപുന്ന പാലം എന്നിവിടങ്ങളിലാണ് കടവുകൾ അടയ്ക്കുക. കെൽട്രോൺ ഫെറി താത്കാലികമായി നിർത്തിവയ്ക്കാൻ അരൂർ പഞ്ചായത്തിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

കുമ്പളങ്ങിയിൽ ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാൻ കെട്ടിടം കണ്ടെത്തും. വാർഡ്തല കമ്മിറ്റികൾ ചേർന്ന് നിലവിലുള്ള സാഹചര്യം വിലയിരുത്തും.

സ്രവ പരിശോധനയ്ക്ക് ആളുകളെ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യമൊരുക്കാൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ ചുമതലപ്പെടുത്തി. ഇതിനുള്ള ഫണ്ടും അനുവദിച്ചു. വൈസ് പ്രസിഡന്റ് അമല ബാബു അധ്യക്ഷത വഹിച്ചു.