കുമ്പളം : കായലിൽ വൻതോതിൽ മലിന്യം തള്ളുന്നത് മൂലം ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം അടഞ്ഞതായി പരാതി. കായൽത്തീരത്തെ വ്യവസായ ശാലകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് വൻതോതിലാണ് മാലിന്യം തള്ളുന്നത്. കൂടാതെ, ഇറച്ചി-മത്സ്യ അവശിഷ്ടങ്ങൾ, കോഴിവേസ്റ്റ് എന്നിവ വേറെയും. രാസമാലിന്യങ്ങൾ മൂലം കായലിലെ മത്സ്യസമ്പത്ത്‌ ഗണ്യമായി കുറഞ്ഞതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞദിവസം മത്സ്യബന്ധനത്തിനായി കായലിൽ ഇട്ട വലയിൽ കുടുങ്ങിയത് കരി ഓയിൽ പോലുള്ള രാസവസ്തു അടങ്ങിയ പ്ലാസ്റ്റിക് ക്യാൻ. മത്സ്യത്തൊഴിലാളിയായ കുമ്പളം കൊമരോത്ത് ഷാബുവിന്റെ വലയിലാണ് ഓയിൽ ക്യാൻ കുടുങ്ങിയത്.

35 ലിറ്റർ വലിപ്പമുള്ള ക്യാനിൽ നിന്ന് പകുതിയോളം ഓയിൽ ചോർന്ന് വലയിലും കായലിലും പരന്നു. ഓയിൽ പുരണ്ടതിനെ തുടർന്ന് വലയിൽ കുരുങ്ങിയ മത്സ്യങ്ങളും ചത്തിരുന്നു. ഓയിൽ ക്യാൻ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ മത്സ്യത്തൊഴിലാളിയുടെ മേലും കരി ഓയിൽ പുരണ്ടു. ഓയിൽ പുരണ്ടതിനെ തുടർന്ന്, 20,000 രൂപ വിലയുള്ള തന്റെ വല നശിച്ചതായി ഷാബു പറയുന്നു. ശരീരത്തിൽ പറ്റിയ രാസവസ്തു ഒഴിവാക്കുന്നതിനുതന്നെ വളരെ പാടുപെടേണ്ടതായി വന്നുവെന്നും ഷാബു പറഞ്ഞു.

പോളപ്പായൽ, ചൊറിശല്യം എന്നിവ കൂടാതെ കായലിൽ രാസമാലിന്യങ്ങൾ തള്ളുന്നതും മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നുണ്ടെന്നും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും കോസ്റ്റൽ ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെട്ടു.