അരൂർ: കുമ്പളം ടോൾപ്ലാസയിൽ കൂടുതൽസമയം വാഹനങ്ങൾ കാത്തുകിടക്കേണ്ടി വരുന്നതിനെച്ചൊല്ലി സംഘർഷം പതിവായി. വെള്ളിയാഴ്ച ടോൾപ്ലാസയിലെ വാഹനക്കുരുക്കിൽ ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുൾപ്പെടെ കുടുങ്ങി. ടോൾ ടിക്കറ്റിനായി കാത്തുകിടന്ന് അക്ഷമരായ ചില യാത്രക്കാർ ടോൾ ജീവനക്കാരോട് ഗേറ്റ് തുറന്നിടാൻ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചതാണ് സംഘർഷത്തിന് കാരണമായത്.

നിശ്ചിത സമയത്തിനുള്ളിൽ ടോൾടിക്കറ്റ് നൽകി വാഹനങ്ങൾ കടത്തിവിടണമെന്ന് നിയമമുണ്ടെങ്കിലും ടോൾ ജീവനക്കാർ അതിന് തയ്യാറാകുന്നില്ലെന്നാണ് പരാതി. എന്നാൽ, റോഡ് പരക്കെ തകർന്നുകിടക്കുന്നതിനാൽ ടോൾടിക്കറ്റ് എടുക്കാൻ വാഹന ഉടമകൾ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ടോൾജീവനക്കാർ പറയുന്നത്.

റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതുവരെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്ന ആവശ്യം വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞദിവസം ഈ ആവശ്യം ഉന്നയിച്ച് ടോൾഗേറ്റിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു.

കൊച്ചിയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് വലഞ്ഞെത്തുന്നവർ ടോൾപ്ലാസയിൽ വീണ്ടും കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നതും യാത്രക്കാരെ ക്ഷുഭിതരാക്കുന്നുണ്ട്. ‘ഒന്നുകിൽ റോഡുകൾ നന്നാക്കുക, അല്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കുക’ എന്ന ആവശ്യമാണ് ടോൾവിരുദ്ധ സമിതിയുടേത്.