കൊച്ചി: എളംകുളം കുഡുംബി ഫെഡറേഷൻ കോളനിയിലെ ഗ്രീൻ ബെൽറ്റിൽ കൊച്ചി നഗരസഭ കളിസ്ഥലം നിർമിക്കുന്നതിനെതിരേ കോളനി നിവാസികൾ രംഗത്ത്. അവരുടെ പരാതിയെത്തുടർന്ന് സ്ഥലത്തിന്റെ ഉടമകളായ സംസ്ഥാന ഹൗസിങ് ബോർഡ് നിർമാണ പ്രവർത്തനങ്ങൾ നിർത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.

േമയർ സൗമിനി െജയിനിന്റെ ഡിവിഷനായ എളംകുളത്ത് കുഡുംബി കോളനിയിൽ ഗ്രീൻ ബെൽറ്റിനായി നീക്കിവെച്ച എഴുപത്തഞ്ച് സെന്റോളം വരുന്ന സ്ഥലത്താണ് കളിക്കാനുള്ള സൗകര്യങ്ങളും മറ്റും ഒരുക്കുന്നത്. എന്നാൽ, സ്ഥലം മേയർ സൗമിനി ജെയിൻ അനധികൃതമായി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തുവെന്നാണ് കോളനിക്കാരുടെ ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി നിർമാണങ്ങൾ നശിപ്പിക്കാനിറങ്ങിയ നാല്‌ കോളനിനിവാസികൾക്കെതിരേ നഗരസഭയുടെ പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിന് കേസ് എടുത്തിട്ടുണ്ട്. 1981-ലാണ് കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡും കേരള കുഡുംബി ഫെഡറേഷനും തമ്മിലുള്ള കരാർ പ്രകാരം ഹൗസിങ് ബോർഡ് കേരള കുഡുംബി അക്കോമഡേഷൻ സ്കീം എന്ന പേരിൽ അഞ്ചേക്കർ 38 സെന്റ് സ്ഥലം വീടുവെച്ചുകൊടുക്കാൻ ഏറ്റെടുത്തത്. പദ്ധതി പ്രകാരം ഗ്രീൻ ബെൽറ്റിനായി നീക്കിവെച്ച സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിൽ ബാസ്കറ്റ്‌ബോൾ കോർട്ടും മറ്റും സ്ഥാപിക്കുന്നത്.

വെള്ളക്കെട്ടുണ്ടാവുമെന്ന് കോളനിക്കാർ

226 കുടുംബങ്ങൾക്ക് ഒന്നര സെന്റ് വീതം സ്ഥലം വീടുവെയ്ക്കാൻ അനുവദിച്ച് നിർമിച്ചതാണ് കെ.കെ.എഫ്. കോളനി. ഇവിടെ വീടുകളിൽ നിന്നുള്ള മലിനജലം ഒഴുകുന്ന കാന ഓപ്പൺ സ്പേസിന്റെ അടിയിൽക്കൂടിയാണ് പോയിരിക്കുന്നത്. നിർമാണങ്ങളുടെ ഭാഗമായി നഗരസഭ കോൺക്രീറ്റ് ഉപയോഗിച്ച് ഇത് അടച്ചതുമൂലം വെള്ളം പോകുന്നില്ലെന്നാണ് കോളനിക്കാരുടെ പരാതി. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുമെന്നും കോളനിക്കാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ല. പൊതുസ്ഥലത്തിന്റെ ചുറ്റിനും കുറ്റിയിട്ട്് നെറ്റ് കെട്ടി മറച്ചതിനാൽ പൊതുസ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന പരാതിയും കോളനിക്കാർക്കുണ്ട്. അവർ പരാതിയുമായി ഭവന നിർമാണ ബോർഡ് ചെയർമാനെ സമീപിച്ചതിനെ തുടർന്ന് ബോർഡ് എക്സിക്യുട്ടീവ് എൻജിനീയർ നിർമാണം തടഞ്ഞ് നഗരസഭയ്ക്ക് കത്ത് നൽകി. എന്നാൽ, അതിനെ അവഗണിച്ചുകൊണ്ട് ഇപ്പോഴും പണി നടക്കുകയാണെന്ന് കോളനിക്കാർ പറയുന്നു.

രാഷ്ട്രീയപ്രേരിതമെന്ന് മേയർ

കളിസ്ഥലം നിർമിക്കുന്നത് നാട്ടുകാർക്ക് വേണ്ടിയാണെന്നും അനധികൃതമായി ഒരു നിർമാണവും അവിടെ നടത്തുന്നില്ലെന്നും മേയർ സൗമിനി െജയിൻ പറഞ്ഞു. കോളനിയിലെ മാലിന്യം തള്ളാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലമാണിത്. കുഡുംബി ഫെഡറേഷന്റെ ഫുട്‌ബോൾ മാച്ചുകളും ഇവിടെ ഇടയ്ക്ക് നടന്നിരുന്നു.

ജനകീയാസൂത്രണ പദ്ധതിയിൽനിന്ന് ഗ്രൗണ്ടിന്റെ നവീകരണത്തിന് 40 ലക്ഷം രൂപയും ടർഫിങ്ങിനായി 20 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പണി തീരാറായപ്പോൾ മൂന്നുതവണ നിർമാണങ്ങൾ നശിപ്പിച്ചു. പോലീസിൽ പരാതിപ്പെട്ടിട്ട് വേണ്ട നടപടിയെടുത്തില്ല. ഒരാഴ്ച മുൻപും വീണ്ടും നാശനഷ്ടങ്ങൾ ഉണ്ടാക്കി. പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. രണ്ടുപേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭവന നിർമാണ ബോർഡ്, നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയതിനെക്കുറിച്ച് അറിയില്ല.

അവിടത്തെ വെള്ളക്കെട്ടിനുള്ള കാരണം കാന കെട്ടിയടച്ചതല്ല. കനത്ത മഴയിൽ നഗരം മുഴുവൻ മുങ്ങിയപ്പോഴാണ് അവിടെയും വെള്ളക്കെട്ടുണ്ടായത്. പ്രദേശവാസികൾക്കുവേണ്ടിയാണ് കളിസ്ഥലം വികസിപ്പിക്കുന്നത്. എന്നാൽ, ചിലർ രാഷ്ട്രീയ വൈരാഗ്യം മൂലം പദ്ധതിയെ എതിർക്കുകയാണ്.